

വയനാട്: സുൽത്താൻ ബത്തേരി അർബൻ ബാങ്ക് കൊള്ളയിൽ ഐ.സി. ബാലകൃഷ്ണനെതിരെയുള്ള എഫ്ഐആർ പുറത്ത്. എൻ.എം. വിജയന്റെ വീട്ടിലെത്തി കോഴപ്പണം കൈപ്പറ്റി എന്നാണ് വിജിലൻസ് എഫ്ഐആറിൽ പറയുന്നത്. എംഎൽഎ ഔദ്യോഗിക പദവി ദുരപയോഗം ചെയ്ത് സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നും, പണം സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചെന്നും എഫ്ഐആറിൽ പറയുന്നു.
വയനാട് മുൻ ഡിസിസി ട്രഷറർ എൻ. എം. വിജയൻ്റെയും മകൻ്റെയും മരണത്തെ തുടർന്നാണ് സുൽത്താൻ ബത്തേരി അർബൻ ബാങ്കുമായി ബന്ധപ്പെട്ട കോഴയെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. ബത്തേരിയിലെ സഹകരണ ബാങ്കുകളിൽ നിയമനം നൽകാമെന്നേറ്റ് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചു എന്നായിരുന്നു പരാതി.
ജീവനക്കാരിൽ നിന്നും വാങ്ങിയ പണത്തിൽ ആറ് ലക്ഷം രൂപ കെ.കെ. ഗോപിനാഥൻ മാസ്റ്റർ എൻ.എം. വിജയന് കൈമാറിയിരുന്നു. ഐ.സി. ബാലകൃഷണൻ എംഎൽഎ എൻ എം വിജയന്റെ പൂമല വീട്ടിലെത്തി ഈ പണം കൈപറ്റിയെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
അന്വേഷണത്തിൽ മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെയും പണം നൽകിയ ഉദ്യോഗാർഥികളുടെയുമടക്കം മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. നേരത്തെ ഡിസിസി മുൻ ട്രഷറർ എൻ.എം. വിജയന്റെ കുടുംബവും ഐ.സി. ബാലകൃഷ്ണൻ എംഎൽഎക്കെതിരെ രംഗത്തെത്തിയിരുന്നു.