കേസ് ഒതുക്കാൻ കോഴ: ഇഡി ഓഫീസിലെത്തി നോട്ടീസ് കൈമാറി വിജിലൻസ്

കേസിലെ പരാതിക്കാരൻ അനീഷ് ബാബുവിനെതിരെ ഇഡി എടുത്ത കേസിലെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.
വിജിലൻസിന്റെ എട്ട് ഉദ്യോഗസ്ഥരാണ് നാല് മണിയോടെ എൻഫോഴ്സ്‌മെൻ്റ് ഡയറക്ട്റേറ്റ് ഓഫീസിലെത്തി നോട്ടീസ് നൽകിയത്.
പ്രതീകാത്മക ചിത്രംEnforcement Directorate, Vigilance
Published on

കേസ് ഒതുക്കി തീർക്കാൻ കോഴ ആവശ്യപ്പെട്ടെന്ന കേസിൽ ഇഡി ഓഫീസിലെത്തി നോട്ടീസ് കൈമാറി വിജിലൻസ്. കേസിലെ പരാതിക്കാരൻ അനീഷ് ബാബുവിനെതിരെ ഇഡി എടുത്ത കേസിലെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ഇതാദ്യമായാണ് കേസുമായി ബന്ധപ്പെട്ട് വിജിലൻസ് ഉദ്യോഗസ്ഥർ എൻഫോഴ്സ്‌മെന്റ് ഓഫീസിൽ നേരിട്ടെത്തുന്നത്. കേസിൽ പ്രതിയായ ഇ ഡി അസിസ്റ്റന്‍റ് ഡയറ്കർ ശേഖർ കുമാറിനെ തൽക്കാലം അറസ്റ്റുചെയ്യില്ല എന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

വിജിലൻസിന്റെ എട്ട് ഉദ്യോഗസ്ഥരാണ് നാല് മണിയോടെ എൻഫോഴ്സ്‌മെൻ്റ് ഡയറക്ട്റേറ്റ് ഓഫീസിലെത്തി നോട്ടീസ് നൽകിയത്. നോട്ടീസ് നൽകി അര മണിക്കൂറിന് ശേഷം ഉദ്യോഗസ്ഥർ മടങ്ങി. കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ അനീഷ് ബാബുവിനെതിരെ ഇഡി എടുത്ത ECIRൻ്റെ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടാണ് വിജിലൻസ് നോട്ടിസ് നൽകിയത്. ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാർ കേസ് അന്വേഷിച്ചപ്പോഴുള്ള വിവരങ്ങൾ കൈമാറാനും നോട്ടീസിൽ ആവശ്യപെട്ടിട്ടുണ്ട്.

കേസ് വിവരങ്ങൾ ആവശ്യപ്പെട്ട് വിജിലൻസ് നേരത്തെ ഇ-മെയിൽ മുഖേന നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടി നൽകാതെ ഇഡി വൈകിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ ഇഡി ഓഫീസിൽ നേരിട്ടെത്തിയത്. കേസിൽ പ്രതിയായ ഇഡി അസിസ്റ്റന്‍റ് ഡയറക്ടർ ശേഖർ കുമാറിനെ തൽക്കാലം അറസ്റ്റ് ചെയ്യില്ല. ഇക്കാര്യം സംസ്ഥാന സർക്കാർ തന്നെ ഹൈക്കോടതിയെ അറിയിച്ചു. ശേഖർ കുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.

എങ്കിൽ അറസ്റ്റ് തടയണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്ന ഈ മാസം 11 വരെ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാ‍ർ ഉറപ്പ് നൽകുകയായിരുന്നു. ഇടനിലക്കാർ മുഖേന വൻതുക കൈക്കൂലി വാങ്ങി കേസ് ഒതുക്കിത്തീർക്കുന്നു എന്നാണ് കൊച്ചിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെതിരായ ആരോപണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com