മുസ്ലീം ലീഗും വിസികെയും ടിവികെ മന്ത്രിസഭയില്‍; എ.എം. ഷാജഹാന് ന്യൂനപക്ഷ ക്ഷേമം വണ്ണി അരസിന് സാമൂഹിക നീതി

കഴിഞ്ഞ ദിവസമാണ് മന്ത്രിസഭയുടെ ഭാഗമാകാനുള്ള തീരുമാനം വിസികെയുടെ പ്രസിഡന്റ് തോൾ തിരുമാവളവന്‍ അറിയിച്ചത്.
മുസ്ലീം ലീഗും വിസികെയും ടിവികെ മന്ത്രിസഭയില്‍; എ.എം. ഷാജഹാന് ന്യൂനപക്ഷ ക്ഷേമം വണ്ണി അരസിന് സാമൂഹിക നീതി
Published on
Updated on

ചെന്നൈ: മുസ്ലീം ലീഗും വിസികെ (വിടുതലൈ ചിരുത്തൈകള്‍ കച്ചി)യും വിജയ് മന്ത്രിസഭയില്‍. വിസികെ എംഎല്‍എ വണ്ണി അരസും മുസ്ലീം ലീഗ് എംഎല്‍എ എ. എം. ഷാജഹാനുമാണ് മന്ത്രിമാരായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.

ലോക്ഭവനില്‍ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നേതൃത്വത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സാമൂഹ്യനീതി വകുപ്പാണ് വണ്ണി അരസിന് ലഭിച്ചത്. ന്യൂനപക്ഷ ക്ഷേമം, വഖഫ് ബോര്‍ഡ് എന്നീ വകുപ്പുകളാണ് എ. എം. ഷാജഹാന് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മന്ത്രിസഭയുടെ ഭാഗമാകാനുള്ള തീരുമാനം വിസികെയുടെ പ്രസിഡന്റ് തോൾ തിരുമാവളവന്‍ അറിയിച്ചത്. പാര്‍ട്ടിയുടെ മുഖ്യധാരാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം എന്നും മന്ത്രിസഭിയിലേക്ക് വരുന്നതിനെ പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരും അനുകൂലിച്ചുവെന്നും വിസികെ അധ്യക്ഷന്‍ പറഞ്ഞു. വണ്ണി അരസിനെ തന്നെയായിരുന്നു പാര്‍ട്ടി നിര്‍ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിസഭയിലേക്കുള്ള മുഖ്യമന്ത്രി വിജയ്‌യുടെ ക്ഷണം സ്വീകരിക്കുകയായിരുന്നുവെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഖാദര്‍ പറഞ്ഞു. ടിവികെ സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനത്തില്‍ കൂടുതല്‍ സാമൂഹ്യ ക്ഷേമ പ്രാതിനിധ്യം കൂടി ഉള്‍പ്പെടുത്തി.

നിലവില്‍ ടിവികെ സര്‍ക്കാരില്‍ നാല് വനിതാ മന്ത്രിമാരാണുള്ളത്. എസ് കമലി (മൃഗ സംരക്ഷണം), സി വിജയലക്ഷ്മി (പാല്‍, പാല്‍ വികസനം), കെ ജഗദീശ്വരി (സാമൂഹ്യ ക്ഷേമം, സ്ത്രീ ശാക്തീകരണം), എസ്. കീര്‍ത്തന (വ്യവസായം) എന്നിവരാണ് വനിതാ മന്ത്രിമാര്‍. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും പുതുതായി സത്യപ്രതിജ്ഞ ചെയ്ത എഎം ഷാജഹാന്‍ അടക്കം മൂന്ന് പേരാണ് ഉള്ളത്. തൊഴില്‍ ക്ഷേമം- നൈപുണ്യ വികസനം എന്നീ വകുപ്പുകളില്‍ ജെ മുഹമ്മദ് ഫാരിസും ധനകാര്യമന്ത്രി എന്‍ മാരീ വില്‍സണുമാണ് മറ്റു രണ്ട് പേര്‍. വണ്ണി അരസ്, പി മദന്‍രാജ, ഡി ലോകേഷ് തമിഴ്‌സെല്‍വന്‍, വി. ഗാന്ധിരാജ്. എന്നിവരാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ള മന്ത്രിമാര്‍.

News Malayalam 24x7
newsmalayalam.com