

തിരുവനന്തപുരം: തന്റെ വിവാഹത്തെ ലൗ ജിഹാദ് എന്ന് പറയുന്നത് ശരിയല്ലെന്ന് വീട്ടുകാരിൽ നിന്ന് സംരക്ഷണം തേടി കേരളത്തിലെത്തിയ കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്‌ലെ. വിവാഹം മതപരിവർത്തനമെന്നാണ് ഹിന്ദി മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. എന്നാൽ അങ്ങനെയൊന്നുമല്ല. തെറ്റായ പ്രചരണമാണ് നടക്കുന്നത്. സമൂഹത്തിൽ എല്ലാവരും തുല്യരാണെന്നും മൊണാലിസ ഭോസ്‌ലെ പറഞ്ഞു.
"തനിക്ക് പ്രായപൂർത്തിയായതാണ്. മോണാലിസ ഭോസ്‌ലെ എന്ന് തന്നെയാണ് ശരിയായ പേര്. വീട്ടിൽ മറ്റൊരു വിവാഹം നിശ്ചയിച്ചതോടെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഏഴ് മാസങ്ങൾക്ക് മുമ്പ് സിനിമ ഷൂട്ടിങ്ങിനിടെയാണ് ഞങ്ങൾ പരിചയപ്പെട്ടത്. ഇവിടെ വന്നതിൽ സന്തോഷമുണ്ട്. അച്ഛൻ ഇവിടെയുണ്ടോ എന്നറിയില്ല. പക്ഷേ കല്യാണത്തിൽ പങ്കെടുത്തില്ല. കെ സ്മാർട്ടിലൂടെ വിവാഹ സർട്ടിഫിക്കിറ്റ് ലഭിച്ചു. തിരിച്ച് പോകുന്നതിനെകുറിച്ച് നിലവിൽ തീരുമാനിച്ചിട്ടില്ല. കേരളത്തിൽ തന്നെ തുടർന്നാലോ എന്നാണ് വിചാരിക്കുന്നത്. എല്ലാവർക്കും നന്ദിയുണ്ട്," മോണാലിസ പറഞ്ഞു.
പ്രണയം വീട്ടുകാർ എതിർത്തതോടെ വീട്ടുകാരിൽ നിന്നും സംരക്ഷണം തേടിയാണ് മൊണാലിസ കാമുകനോടൊപ്പം തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തിയത്. ഒന്നര വര്‍ഷം മുമ്പാണ് മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശി ഫർഹാനും ഫേസ്ബുക്ക് വഴി പ്രണയത്തിലാകുന്നത്. തുടര്‍ന്ന് പൂവാറിൽ സിനിമ ഷൂട്ടിങ്ങിനെത്തിയ മോണാലിസയുമായി ഫർഹാന്‍ തമ്പാനൂര്‍ സ്റ്റേഷനിലെത്തുകയായിരുന്നു. തന്റെ അച്ഛൻ മറ്റൊരു വിവാഹം ആലോചിക്കുന്നുണ്ടെന്നും, എന്നാൽ ഇതരമതസ്ഥനായ ഫർഹാനൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം പൊലീസിനോട് വെളിപ്പെടുത്തി.
രാജ്യത്തെ പലയിടങ്ങളിലും തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് സുരക്ഷിതമായ ഇടമെന്ന നിലയിൽ കേരളത്തിൽ അഭയം തേടിയതെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. തുടർന്ന് മൊണാലിസയുടെ പിതാവ് ജയ് സിങ് ഭോസ്‌ലയെ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും 18 വയസ് പൂർത്തിയായ സാഹചര്യത്തിൽ സ്വന്തം ഇഷ്ടപ്രകാരം ആരെ വിവാഹം കഴിക്കണമെന്നും ആർക്കൊപ്പം ജീവിക്കണമെന്നും തീരുമാനിക്കാനുള്ള നിയമപരമായ അവകാശം മൊണാലിസയ്ക്കുണ്ടെന്നും പൊലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തി.
പൊലീസ് സുരക്ഷാ സംവിധാനങ്ങളോടെ അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ.എ. റഹീം തുടങ്ങി പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.