പാലക്കാട്: ലൈംഗികാരോപണങ്ങളിൽ കുരുക്കിലായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും ന്യായീകരിച്ച് വി.കെ. ശ്രീകണ്ഠൻ എംപി. രാഹുലിനെതിരെ പുറത്തുവന്ന ഓഡിയോ സംഭാഷണം ഗൗരവ സ്വഭാവം ഉള്ളതല്ലേ എന്ന ചോദ്യത്തിന് ഫോറൻസിക് പരിശോധന നടത്തൂ എന്നായിരുന്നു വി.കെ. ശ്രീകണ്ഠൻ്റെ ഉത്തരം.
കോൺഗ്രസ് ഇരയ്ക്കൊപ്പമോ വേട്ടക്കാരന് ഒപ്പമോ എന്ന ചോദ്യത്തിന് ഉൾപ്പെടെ വി. കെ. ശ്രീകണ്ഠൻ മറുപടി നൽകിയില്ല. കേസിൽ വിശദമായി അന്വേഷണം നടക്കട്ടെ എന്ന് മാത്രമായിരുന്നു എംപിയുടെ ഉത്തരം. യുവതി ഇന്നലെയാണ് പരാതി നൽകിയത്. ക്രൈം ബ്രാഞ്ച് തന്നെ തെളിവുകളില്ലെന്ന് പറഞ്ഞ് റിപ്പോർട്ട് സമർപ്പിച്ച കേസാണിത്. മാധ്യമങ്ങളല്ല കോടതിയാണ് നടപടി സ്വീകരിക്കേണ്ടതെന്നും എംപി പറഞ്ഞു.
സർക്കാരിനും ആഭ്യന്തര വകുപ്പിനുമെതിരെ വി.കെ. ശ്രീകണ്ഠൻ വിമർശനമുന്നയിച്ചു. കഴിഞ്ഞ മൂന്നുമാസമായി പൊലീസ് എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന ചോദ്യമാണ് വി.കെ. ശ്രീകണ്ഠൻ എംപി ഉയർത്തിയത്. ആഭ്യന്തരവകുപ്പ് പരാജയമല്ലേ എന്നും എംപി ചോദിച്ചു. ആരോപണങ്ങൾ ഉയർന്നതിന് ശേഷം രാഹുൽ പാലക്കാട് കോൺഗ്രസിൻ്റെ ഔദ്യോഗികമായ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും എംപി പറഞ്ഞു.
സ്വർണക്കൊള്ളയെ മുന്നിൽ നിർത്തി രാഹുൽ വിഷയത്തിൽ പ്രതിരോധം തീർക്കുകയാണ് വി.കെ. ശ്രീകണ്ഠൻ. "സ്വർണക്കൊള്ള കേസിൽ ആരും ചർച്ച ചെയ്യാത്തത് എന്തുകൊണ്ടാണ്? മുൻ സിപിഐഎം എംഎൽഎയെ അറസ്റ്റ് ചെയ്തിട്ടും പാർട്ടി എന്ത് നടപടിയെടുത്തെന്ന് ആരും ചോദിക്കാത്തത് എന്തുകൊണ്ടാണ്?" എന്നീ ചോദ്യങ്ങൾ എംപി ഉന്നയിച്ചു.