കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പ്രതികരിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. കോടതി വിമർശനം ശ്രദ്ധിച്ചില്ല. തുടർച്ചയായ മീറ്റിങ്ങിലായിരുന്നു. കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടണം. പ്രത്യേക അന്വേഷണ സംഘം എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെ. അന്വേഷണം നടക്കുന്ന കേസിൽ കൂടുതൽ പറയുന്നത് ശരിയല്ലെന്നും വി.എൻ. വാസവൻ പറഞ്ഞു.
സ്വർണക്കൊള്ള കേസിൽ നിലവിലുള്ള ദേവസ്വം ബോർഡിൻ്റെ പങ്കുണ്ടോ എന്ന സംശയമാണ് ഹൈക്കോടതി ഉന്നയിച്ചത്. തിരുവതാംകൂർ ദേവസ്വം ബോർഡിൻ്റെ മിനുട്സ് ബുക്കിൽ പിശകുണ്ടെന്നും ഹൈക്കോടതി കണ്ടെത്തി. 2025ൽ സ്വർണപാളി കൈമാറിയത് മിനുട്സിൽ രേഖപെടുത്തിയിട്ടില്ല. അന്വേഷണ സംഘം സമർപ്പിച്ച രണ്ടാമത്തെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. മിനുട്സ് ബുക്കിൻ്റെ പകർപ്പ് അന്വേഷണ സംഘം ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു.
പല കാര്യങ്ങളും മിനുട്സില്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്ച വന്നു. അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസിൽ അഴിമതി നിരോധന നിയമം ബാധകുമോയെന്ന് എസ്ഐടി പരിശോധിക്കണം. വിഷയത്തിൽ ദേവസ്വം ബോർഡിനും പങ്കെന്ന് സംശയമുണ്ട്. ശ്രീകോവിലിൻ്റെ സ്വർണം പൊതിഞ്ഞ പ്രധാന വാതിൽ പോറ്റിക്ക് നൽകിയതിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി അറിയിച്ചു. ഹർജി മൂന്നാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.