
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ യുഡിഎഫിന്റെ ലക്ഷ്യം രാഷ്ട്രീയ അട്ടിമറിയെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ഒരുതരി സ്വർണമെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് വീണ്ടെടുക്കുമെന്നും അന്വേഷണം പ്രഖ്യാപിച്ച ശേഷവും യുഡിഎഫ് സമരം ചെയ്തുവെന്നും വി.എൻ. വാസവൻ പറഞ്ഞു. സർക്കാർ ആഗ്രഹിച്ചത് പോലെ കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്നും പ്രതിപ്പട്ടികയിലുള്ളവരെയെല്ലാം നിയമത്തിന് മുന്നിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
"അയ്യപ്പ സംഗമത്തിന് പിന്നാലെ പ്രമുഖ ചാനലിൽ ഒരു വെളിപ്പെടുത്തൽ വന്നു. അടുത്ത ദിവസം പെട്ടെന്ന് ഒരു അടിയന്തര പ്രമേയവുമായി പ്രതിപക്ഷ നേതാവ് നിയമസഭയിൽ എത്തി. ഒടുവിൽ തൊട്ട് അടുത്ത ദിവസങ്ങളിൽ പീഠം ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി. ഉദ്യോഗസ്ഥ ഗൂഢാലോചന എന്ന് വിജിലൻസ് പറഞ്ഞത് വിശ്വസിക്കാതെ ഇരിക്കേണ്ട ആവശ്യമില്ല. പ്രതിപ്പട്ടികയിൽ ഉള്ള ആരായാലും നിയമത്തിനു മുന്നിൽ കൊണ്ട് വരണം", വി.എൻ. വാസവൻ.
സർക്കാർ ആഗ്രഹിച്ചത് പോലെയാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സന്തോഷപൂർവമാണ് സർക്കാർ അത് സ്വീകരിച്ചത്. എന്നാൽ അന്വേഷണം പ്രഖ്യാപിച്ച ശേഷവും യുഡിഎഫ് സമരം ചെയ്തു. അവരുടെ ലക്ഷ്യം രാഷ്ട്രീയ അട്ടിമറിയാണ്. അന്വേഷണം തീരും വരെ എല്ലാവരും ഇവിടെ തന്നെ കാണണമെന്നും എൽഡിഎഫ് സർക്കാരിന് കീഴിൽ വിശ്വാസികൾ സുരക്ഷിതരാണെന്നും വി.എൻ. വാസവൻ പറഞ്ഞു.