ആലത്തൂരിലും തൃശൂരിലും വോട്ട്; 'വോട്ട് ചോരി'യിൽ കുടുങ്ങി ആർഎസ്എസ് നേതാവും കുടുംബവും
തൃശൂർ: തൃശൂർ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇരട്ട വോട്ടുകൾ ചേർത്ത് ആർഎസ്എസ് നേതാവും കുടുംബവും. 2024 ആലത്തൂർ, തൃശൂർ പാർലമെൻ്റ് മണ്ഡലങ്ങളിൽ ഇരട്ട വോട്ടുകൾ ചേർത്തത് ആർഎസ്എസ് നേതാവ് ഷാജി വരവൂരാണ്. ഷാജിയുടെ ഭാര്യ സ്മിത , അമ്മ കമലാക്ഷി എന്നിവർക്ക് വ്യത്യസ്ത മേൽവിലാസങ്ങളിൽ ഇരു മണ്ഡലങ്ങളിലും വോട്ട് ഉണ്ടായിരുന്നു. ഭാരതീയ വിചാര കേന്ദ്രം തൃശൂർ മേഖലാ സെക്രട്ടറി കൂടിയായ ഷാജി നടത്തിയ ക്രമക്കേടിന്റെ തെളിവുകൾ ന്യൂസ് മലയാളം പുറത്തുവിടുന്നു.
ആലത്തൂർ മണ്ഡലത്തിലുൾപ്പെടുന്ന എട്ടാം വാർഡായ വരവൂരിലാണ് ഷാജിക്കും കുടുംബത്തിനും വോട്ട് ഉള്ളത്. പൂങ്കുന്നത്തെ ഇൻ ലാന്റ് ഉദയ നഗർ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് ഈ ക്രമക്കേട് കണ്ടെത്താനായത്.ഓരേ ഫ്ലാറ്റ് നമ്പർ ഉപയോഗിച്ചും ഫ്ലാറ്റ് നമ്പർ കൃത്യമായി രേഖപ്പെടുത്താതെയും വോട്ടർ പട്ടികയിൽ ഇടം നേടിയവർ നിരവധിപ്പേരാണ്.ബൂത്ത് നമ്പർ 37 ൽ ഫോറം 6 പ്രകാരം വോട്ടർ പട്ടികയിൽ പുതുതായി ഇടം നേടിയ 190 പേരിൽ 24 പേരും മണ്ഡലത്തിന് പുറത്ത് നിന്നുള്ളവരാണ്.
ബിജെപിയുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ വ്യാപകമായി വോട്ട് ചേർക്കപ്പെട്ടിട്ടുണ്ട്. അടഞ്ഞ് കിടക്കുന്നതും വോട്ടർ പട്ടികയിലെ പേരുകാർ താമസമില്ലാത്തതുമായ വാട്ടർലില്ലി ഫ്ലാറ്റിൽ നിന്നുമാത്രം 30 പേരാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർ പട്ടികയിൽ ഇടം പിടിച്ചതെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു