
വി.എസ്. അച്യുതാനന്ദന്റെ രണ്ടാം വീടായിരുന്നു ആലുവ പാലസ്. തലസ്ഥാനം വിട്ട് മറ്റൊരു സ്ഥലത്ത് അദ്ദേഹം ഏറ്റവും അധികം താമസിച്ചിട്ടുള്ളത് ആലുവ പാലസിലാകണം. വിഎസിന്റെ താമസവും ഇഷ്ട രുചികളും ഇന്നും ഇവിടുത്തെ ജീവനക്കാര്‍ക്ക് കാണാപാഠമാണ്.
13 കിടപ്പുമുറികള്‍ ഉള്ള പാലസില്‍ താഴത്തെ നിലയില്‍ 107 ആം നമ്പര്‍ മുറിയായിരുന്നു വിഎസിന് ഇഷ്ടം. മുറിയുടെ പിന്നിലെ വാതിലും ജനലുകളും തുറന്നിട്ടാല്‍ പെരിയാറും ശിവരാത്രി മണപ്പുറം തൊട്ടടുത്ത് കാണാം.
മൂന്നാറിലെ ഇടിച്ചു നിരത്തിലിന്റെ ബ്ലൂ പ്രിന്റ് ഒരുങ്ങിയതും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കസേര തെറിപ്പിച്ച പെന്‍ഡ്രൈവ് വിവാദത്തിന് തീകൊളുത്തിയതും ഈ മുറിയില്‍ നിന്നാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഒരിക്കല്‍ വിഎസിന് വേണ്ടി ഈ മുറി ഒഴിഞ്ഞു കൊടുത്തിട്ടുണ്ട്. വിഎസിന് റൂം ഫ്രഷ്‌നറിന്റെ മണം ഇഷ്ടമായിരുന്നില്ല.
സാമ്പ്രാണിത്തിരിയുടെ ഗന്ധത്തോടായിരുന്നു താല്പര്യം. വിഎസ് വരുന്നതിന് മണിക്കൂറുകള്‍ മുമ്പേ ജീവനക്കാര്‍ 107 ല്‍ സാമ്പ്രാണിത്തിരി കത്തിച്ചു പുകയ്ക്കുമായിരുന്നു. പാലസിലെ പൂന്തോട്ടത്തിന് ചുറ്റും രാവിലെയും വൈകിട്ടും മൂന്നുമണിക്കൂര്‍ നടത്തം ദിനചര്യയുടെ ഭാഗമായിരുന്നു.
സാമ്പ്രാണിത്തിരിയുടെ ഗന്ധം പരന്ന മുറിയില്‍ തലയിലും കാലിലും ഓരോ തലയിണ വച്ചാണ് വിഎസ് ഉറങ്ങിയിരുന്നത്. നാടന്‍ ഭക്ഷണത്തോട് ആയിരുന്നു വി.എസിന് പ്രിയം. നോണ്‍ വെജിറ്റേറിയന്‍ എന്നു പറയാവുന്നത് മുനമ്പം നെയ്മീന്‍ മുള്ളില്ലാതെ ചെറിയ കഷ്ടങ്ങള്‍ ആക്കി വയ്ക്കുന്ന കറി മാത്രം. അതാകട്ടെ വല്ലപ്പോഴും മതി.
വിഎസിനെ ഫ്രഷ് പപ്പായ കഴിക്കാനും കപ്പങ്ങാത്തൊരന്‍ ഉണ്ടാക്കാനുമായി ഒരു കാലത്തെ പാലസ് വളപ്പ് നിറയെ പപ്പായ ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നു. ആലുവ പാലസിലെ വി.എസ് ഉപയോഗിച്ചിരുന്ന 107 നമ്പര്‍ മുറി ഇപ്പോള്‍ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുകയാണ്.