വി. എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് മകൻ അരുൺ കുമാർ. ആരോഗ്യാവസ്ഥയിൽ ഇന്നലത്തേതിൽ നിന്നും രാവിലെ വരെ കാര്യമായ വ്യത്യാസങ്ങളുണ്ടായിട്ടില്ല എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. എന്നാൽ വൈകുന്നേരത്തോടെ, നേരിയ പുരോഗതിയുണ്ടായതായി ഡോക്ടർമാർ സൂചിപ്പിച്ചതായി മകൻ ഫേസ്ബുക്കിൽ കുറിച്ചു. 72 മണിക്കൂർ നിരീക്ഷണ സമയം കഴിഞ്ഞിട്ടില്ല. നാളെ രാവിലെ കുറച്ചുകൂടി വ്യക്തമായ നിഗമനങ്ങളിലെത്താനാവുമെന്നും മകൻ അരുൺ കുമാർ വ്യക്തമാക്കി.
വിഎസിൻ്റെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തിൽ ആശങ്കയുണ്ടെന്നായിരുന്നു ഇന്ന് രാവിലെ ഡോക്ടർമാർ അറിയിച്ചത്. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് പ്രത്യേക സംഘം ചികിത്സ നടത്തുന്നത്. മന്ത്രിമാരായ വി ശിവൻകുട്ടി , എം ബി രാജേഷ് എന്നിവർ ആശുപത്രിയിലെത്തി വിഎസിനെ സന്ദർശിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്നാണ് വിഎസിനെ എസ്‌യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അരുണ്‍ കുമാര്‍ വി. എ. ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു.