
ദൈവവിശ്വാസിയാണോ? എപ്പോഴെങ്കിലും ആയിരുന്നോ? ഒരിക്കലൊരു അഭിമുഖത്തില്‍ വി.എസ്. അച്യുതാനന്ദന്‍ കേട്ട ചോദ്യം. ഒറ്റവാക്കിലോ, വാചകത്തിലോ വിഎസിന് ഉത്തരം പറയാനാവുമായിരുന്നു. പക്ഷേ, തെല്ലുനേരത്തേക്ക് വിഎസ് നിശബ്ദനായി. എന്നിട്ട് പതുക്കെ അമ്മയെ കുറിച്ച് പറഞ്ഞുതുടങ്ങി. വിഎസിന് നാല് വയസുള്ളപ്പോഴായിരുന്നു അമ്മയുടെ മരണം. ദൂരെയൊരു കുടിലില്‍നിന്ന് ഓലക്കീറിനിടയിലൂടെ മാടി വിളിക്കുന്ന കൈ... അതായിരുന്നു വിഎസിന് അമ്മയെന്ന ഓര്‍മ. അതിനുശേഷം, അച്ഛന്റെ മരണത്തെക്കുറിച്ച് പറഞ്ഞു. ഒടുവില്‍ വിഎസ് ചോദ്യത്തിനുള്ള ഉത്തരത്തിലേക്കെത്തി. ജീവിതാനുഭവങ്ങളുടെ തീച്ചൂള കടന്നെത്തിയ കമ്യൂണിസ്റ്റുകാരന്റെ യുക്തിബോധ്യം നിറഞ്ഞ മറുപടി.
1923 ഒക്ടോബര്‍ 20നായിരുന്നു വിഎസിന്റെ ജനനം. അച്ഛൻ വേലിക്കകത്ത് ശങ്കരൻ, അമ്മ അക്കമ്മ. അസമത്വം, അനീതി, അയിത്തം എല്ലാത്തിലുമുപരി അനാചാരവും കൊടിക്കുത്തി വാണിരുന്ന നാളിലായിരുന്നു വിഎസിന്റെ ജനനം. പട്ടിണിയും പരിവട്ടവും നിറഞ്ഞ കുടുംബാന്തരീക്ഷത്തിലായിരുന്നു വിഎസിന്റെ ബാല്യം. നാടെങ്ങും വസൂരി രോഗം പടര്‍ന്നുപിടിക്കുന്ന സമയമായിരുന്നു അത്. വസൂരി എന്നാല്‍ മരണം എന്നായിരുന്നു വിവക്ഷ. ആദ്യം കടുത്ത പനി വരും. പിന്നാലെ, ദേഹമാസകലം കുരുക്കള്‍ പൊന്തും. അവ പൊട്ടി ഒലിക്കുന്ന അവസ്ഥയിലെത്തും. വസൂരിക്ക് അന്ന് ചികിത്സയുമില്ല.
മാരകമായ അസുഖത്തെ ആളുകളെല്ലാം ഭീതിയോടെയാണ് കണ്ടിരുന്നത്. രോഗിയെ ഓലക്കുടില്‍ കെട്ടി ദൂരെ പാര്‍പ്പിക്കും. ആരും കാണാനോ നോക്കാനോയൊന്നും പോകില്ല. ആരെങ്കിലും ഭക്ഷണം ഉണ്ടാക്കി ഓലക്കുടിലിന്റെ വാതില്‍ക്കല്‍ വെച്ചാലായി. സാമ്പത്തിക ശേഷിയുള്ളവരാണെങ്കില്‍, പൈസ കൊടുത്ത് രോഗിയെ പരിചരിക്കാന്‍ ആളുകളെ ഏര്‍പ്പാടാക്കും. രോഗം ബാധിക്കുമെന്നതിനാല്‍ പൈസ കൊടുത്താല്‍ പോലും ആരും അതിന് തയ്യാറാകില്ലായിരുന്നു. രോഗം ബാധിച്ച്, ഭക്ഷണവും വെള്ളവുമൊക്കെ കിട്ടാതെയായിരുന്നു പലരുടെയും മരണം.
വര്‍ഷം 1927. അക്കമ്മയ്ക്ക് വസൂരി പിടിപെട്ടു. കടുത്ത പനിയായിരുന്നു തുടക്കം. വസൂരിയാണെന്ന് അറിഞ്ഞതോടെ, അക്കമ്മയെ ഓലക്കുടില്‍ കെട്ടി അതിലേക്ക് മാറ്റി. വിഎസും സഹോദരങ്ങളായ ഗംഗാധരനും പുരുഷോത്തമനും ആഴിക്കുട്ടിയും തോട്ടിനിക്കരെ അപ്പച്ചിയുടെ വീട്ടിലേക്ക് പോന്നു. അക്കമ്മയ്ക്ക് രോഗം കടുത്തു. മരണം അടുത്തെന്ന് ഉറപ്പായി. അവസാനമായി മക്കളെയൊന്ന് കാണണമെന്ന് അക്കമ്മ ആഗ്രഹം പറഞ്ഞു. ഒരു തോടിന് അപ്പുറമായിരുന്നു അക്കമ്മയെ താമസിപ്പിച്ചിരുന്നത്. വിഎസിനെയും ചേട്ടന്‍ ഗംഗാധരനെയും തോടിനിക്കരെ എത്തിച്ചു. അവിടെ നിന്ന് ഇരുവരും ഓലക്കുടിലിലേക്ക് നോക്കി. അവിടെ, ഓലക്കീറിനിടയിലൂടെ ഒരു കൈ... ഇരുവരെയും മാടിവിളിക്കുന്നതുപോലെ. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ വിഎസും ചേട്ടനും കരഞ്ഞു. അമ്മയെ കാണാനുള്ള ഇരുവരുടെയും ആഗ്രഹം ആരൊക്കെയോ ചേര്‍ന്ന് തടഞ്ഞു. ഇതെല്ലാം കണ്ണീരോടെ കാണാന്‍ മാത്രമേ അക്കമ്മയ്ക്കും സാധിക്കുമായിരുന്നുള്ളൂ. അതായിരുന്നു അക്കമ്മയുടെ വിടപറച്ചില്‍.
സ്നേഹവും കരുതലുമൊക്കെ അനുഭവിക്കേണ്ട പ്രായത്തിലായിരുന്നു വിഎസിന് അമ്മയെ നഷ്ടപ്പെട്ടത്. 'ഓലക്കീറിന്റെ ഇടയിലൂടെ കൈ കാട്ടി വിളിക്കുന്ന അമ്മയുടെ രൂപം' മാത്രമാണ് ആ നാല് വയസുകാരന്റെ മനസില്‍ തറച്ചത്. പിന്നീട് അച്ഛനും ചേട്ടനുമായിരുന്നു അമ്മയുടെ കുറവ് അറിയിക്കാതെ വിഎസിനെ വളര്‍ത്തിയത്. ഇരുവരുടെയും വാക്കുകളിലൂടെയാണ് അമ്മയെക്കുറിച്ച് വിഎസ് കൂടുതല്‍ അറിഞ്ഞത്. പക്ഷേ, വിധിയുടെ ക്രൂരത അവിടെയും അവസാനിച്ചില്ല. വിഎസിന് 11 വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. അമ്മയുടെ മരണത്തേക്കാള്‍ വിഎസിനെ ഏറെ ഉലച്ചത് അതായിരുന്നു. വൈദ്യരുടെ അടുത്തുപോയി മരുന്ന് വാങ്ങുന്നതും, അത് അച്ഛന് നല്‍കുന്നതുമെല്ലാം വിഎസ് ആയിരുന്നു. അച്ഛന്റെ രോഗം മാറ്റണമെന്ന് അറിയാവുന്ന ദൈവങ്ങളോടെല്ലാം പതിവായി പ്രാര്‍ഥിക്കുകയും ചെയ്തു. പക്ഷേ, ഒരു അത്ഭുതവും സംഭവിച്ചില്ല. 1934ല്‍ രോഗം കടുത്ത് ശങ്കരന്‍ മരിച്ചു.
മരുന്നും പ്രാര്‍ഥനയുമൊക്കെ മുടങ്ങാതെ ചെയ്തിട്ടും അച്ഛന്‍ മരിച്ചതോടെയാണ് വിഎസ് ദൈവവിശ്വാസം വിട്ടുകളഞ്ഞത്. "അച്ഛന്റെ രോഗം മാറണേ എന്ന് പതിവായി പ്രാര്‍ഥിക്കുമായിരുന്നു. പക്ഷെ, എന്ത് പ്രയോജനം? അച്ഛന്‍ മരിച്ചു. അതോടെ എന്റെ ദൈവവിശ്വാസം നഷ്ടപ്പെട്ടു. പിന്നെ ഞാന്‍ പ്രാര്‍ഥിച്ചിട്ടില്ല, ഒരു ദൈവത്തേയും വിളിച്ചിട്ടുമില്ല. മുതിര്‍ന്നപ്പോള്‍, ശാസ്ത്രപുസ്തകങ്ങള്‍ വായിച്ചപ്പോഴാണ് പ്രാര്‍ഥനയിലൊന്നും വലിയ കാര്യമില്ലെന്ന് മനസിലായത്" - ഇതായിരുന്നു ദൈവവിശ്വാസി ആണോ എന്ന ചോദ്യത്തിന് ജീവിതാനുഭവങ്ങള്‍ വിവരിച്ച് വിഎസ് പറഞ്ഞ മറുപടി. ആരെയും കൂസാത്ത പ്രകൃതക്കാരനായിരുന്നു ശങ്കരന്‍. അച്ഛന്റെ ആ സ്വഭാവമാണ് വിഎസിനെയും സ്വാധീനിച്ചത്. തീഷ്ണാനുഭവങ്ങളുടെ കരുത്ത് കൂടിയായപ്പോള്‍, വിഎസ് അടിമുടിയൊരു കമ്യൂണിസ്റ്റുകാരനുമായി.