
തൃശൂർ: രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ വെളിപ്പെടുത്തലോടെ വീണ്ടും ചർച്ചയായി തൃശൂരിലെ ലോക്സഭ വോട്ടർ പട്ടിക. അയൽ ജില്ലകളിലടക്കമുള്ള ബിജെപി പ്രവർത്തകരുടെ വോട്ട് ആസൂത്രിതമായി തൃശൂർ മണ്ഡലത്തിലേക്ക് മാറ്റി എന്ന ആരോപണമാണ് വീണ്ടും ആളിക്കത്തുന്നത്.
ഇലക്ഷൻ കമ്മീഷൻ്റെ സഹായത്തോടെ ബിജെപി തെരഞ്ഞെടുപ്പ് ക്രമക്കേട് നടത്തിയെന്ന ഗുരുതര ആരോപണമാണ് എൽഡിഎഫ് സ്ഥാനാർഥി ആയിരുന്ന വി.എസ്. സുനിൽകുമാർ ഉയർത്തുന്നത്. എൽഡിഎഫിൻ്റെ ശക്തികേന്ദ്രമായ നാട്ടികയിൽ ബിജെപി 15,000 വോട്ടിൻ്റെ ഭൂരിപക്ഷം നേടിയത് സംശയാസ്പദമാണെന്നും സുനിൽ കുമാർ പറഞ്ഞു.
തൃശൂർ ലോക്സഭ മണ്ഡലത്തിലെ പൂങ്കുന്നത്ത് ചേർത്ത ചില വോട്ടുകൾ സംശയകരമാണെന്ന് സിപിഐഎം ജില്ല സെക്രട്ടറി കെ.വി. അബ്ദുൾ ഖാദറും പറഞ്ഞു. സ്ഥിരതാമസം ഇല്ലാത്തിടത്തേക്ക്, കൂട്ടമായി വോട്ട് ചേർക്കുന്നത് തടയണമെന്നും അബ്ദുൾ ഖാദർ ആവശ്യപ്പെട്ടു.
തൃശൂർ ശോഭാ സിറ്റിയിലെയും പൂങ്കുന്നത്തെയും ഫ്ലാറ്റുകളിൽ ചില വോട്ടർമാരെ ചേർത്തതിൽ പരാതിയുണ്ടെന്നും കൃത്യമായ തെളിവുകളോടെ വിവരങ്ങൾ പുറത്തുവിടുമെന്നും ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് അറിയിച്ചു.