

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സിപിഐ ചതിയന്‍ ചന്തുവാണെന്ന പരാമര്‍ശത്തിനെതിരെ വിഎസ് സുനില്‍ കുമാര്‍. വെള്ളാപ്പള്ളിക്ക് പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. അതിനേക്കാള്‍ നല്ല മറുപടി നിലവില്‍ നല്‍കാനില്ലെന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.
വ്യക്തമായ, മാന്യമായ പ്രതികരണമാണ് പാര്‍ട്ടി സെക്രട്ടറി നല്‍കിയത്. ഒരാളുടെ പെരുമാറ്റം വിലയിരുത്താന്‍ താന്‍ ആളല്ല. അത് സമൂഹം വിലയിരുത്തട്ടെ. വെടി പൊട്ടിക്കുമ്പോള്‍ 'ഠോ' എന്ന് പറുയന്നത് ആള്‍ക്കാര്‍ കേട്ടല്ലോ. ഞങ്ങളുടെ പെരുമാറ്റം നല്ലതായിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ കഴിഞ്ഞദിവസം ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന് മാര്‍ക്കിടാന്‍ വെള്ളാപ്പള്ളിയെ ഏല്‍പ്പിച്ചിട്ടില്ല. ചതിയന്‍ ചന്തു എന്ന പേര് ആയിരംവട്ടം ആ തലയ്ക്ക് ചേരും എന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
വെള്ളാപ്പള്ളി അല്ല എല്‍ഡിഎഫ് എന്നും എല്‍ഡിഎഫിന്റെ മുഖം വെള്ളാപ്പള്ളി അല്ലെന്നും കടുത്ത ഭാഷയില്‍ ബിനോയ് വിശ്വം മറുപടി പറഞ്ഞു.എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ മാത്രമല്ല യോഗം ചേര്‍ന്നത്. പാര്‍ട്ടിയുടെ യോഗത്തില്‍ വിമര്‍ശനമുണ്ടാകും. അതില്ലെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ല. വിമര്‍ശനമുണ്ടായി എന്നത് യാഥാര്‍ഥ്യം. യോഗത്തില്‍ സിപിഐ നേതൃത്വവും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പൊട്ടും പൊടിയുമെടുത്ത് കഥ മെനയുകയാണ് മാധ്യമങ്ങള്‍. വിമര്‍ശനം പാര്‍ട്ടിയേയോ സര്‍ക്കാരിനേയോ ദുര്‍ബലപ്പെടുത്താനല്ല. എല്‍ഡിഎഫിനെ ശക്തിപ്പെടുത്താനാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ചതിയന്‍ ചന്തു പരാമര്‍ശം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തി. സിപിഐയും സിപിഐഎമ്മുമായി നല്ല ബന്ധമാണ് ഉള്ളത്. മതനിരപേക്ഷ നിലപാടില്‍ നിന്ന് വ്യതിചലിച്ച് അദ്ദേഹം എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സിപിഐഎമ്മിനില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് സിപിഐക്കെതിരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സിപിഐയിലുള്ളത് ചതിയന്‍ ചന്തുമാരാണെന്നും പത്തുവര്‍ഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപ്പറയുകയാണെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.