"വിശദാംശങ്ങളും വാദങ്ങളും എതിർവാദങ്ങളും താല്‍പ്പര്യത്തോടെ ഉറ്റുനോക്കുന്നു"; സ്കൂള്‍ അവധി മാറ്റത്തില്‍ ചർച്ച തുടങ്ങിവെച്ച മന്ത്രിയെ അഭിനന്ദിച്ച് വി.ടി. ബല്‍റാം

ഏകപക്ഷീയമായ തീരുമാനങ്ങൾ ആദ്യം തന്നെ എടുത്ത് പിന്നീടതിന്മേൽ വിവാദമുണ്ടാവുന്ന സാഹചര്യം വിദ്യാഭ്യാസ മേഖലയിൽ നല്ലതല്ലെന്ന് ബല്‍റാം
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ അഭിനന്ദിച്ച് വി.ടി. ബല്‍റാം
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ അഭിനന്ദിച്ച് വി.ടി. ബല്‍റാംSource: Facebook
Published on

കൊച്ചി: സ്കൂള്‍ അവധിക്കാലം മാറ്റുന്നതില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തുടങ്ങിവെച്ച പൊതുചർച്ചയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. ഏകപക്ഷീയമായ തീരുമാനങ്ങൾ ആദ്യം തന്നെ എടുത്ത് പിന്നീടതിന്മേൽ വിവാദമുണ്ടാവുന്ന സാഹചര്യം വിദ്യാഭ്യാസ മേഖലയിൽ നല്ലതല്ലെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. അവധി മാറ്റത്തില്‍ തീരുമാനമെടുക്കുന്നതിനു മുൻപ് വിശദമായ ചർച്ചയ്ക്ക് സാഹചര്യം ഒരുക്കിയ വിദ്യാഭ്യാസ മന്ത്രിയെ വി.ടി. ബല്‍റാം അഭിനന്ദിച്ചു.

"ഞാൻ ജവഹർ നവോദയ വിദ്യാലയത്തിലാണ് പ്ലസ് ടു വരെ പഠിച്ചത്. അവിടെ കേരള സ്ക്കൂളുകളിൽ നിന്ന് ഒരു മാസം വൈകി മെയ്-ജൂൺ മാസങ്ങളിലായിരുന്നു സമ്മർ വെക്കേഷൻ. നിലവിൽ അവിടെ രണ്ട് മാസം തികച്ച് വെക്കേഷൻ ഇല്ല, 50 ദിവസമേ ഉള്ളു എന്ന് തോന്നുന്നു. കേന്ദ്രീയ വിദ്യാലയങ്ങളിൽ ഈ വർഷം മെയ് 9 മുതൽ ജൂൺ 17 വരെയായിരുന്നു വെക്കേഷൻ, 40 ദിവസം മാത്രം. അതുകൊണ്ട് തന്നെ ഒറ്റയടിക്ക് രണ്ട് മാസം അഥവാ 60 ദിവസം ഒഴിവ് കൊടുക്കേണ്ടതുണ്ടോ എന്ന കാര്യത്തേക്കുറിച്ചും ചർച്ചയാവാമെന്ന് മന്ത്രിയുടെ ശ്രദ്ധയിൽക്കൊണ്ടുവരാൻ ആഗ്രഹിക്കുകയാണ്," ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് തന്റെ ശ്രദ്ധയില്‍പ്പെട്ട വിഷയങ്ങളും ബല്‍റാം പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ അഭിനന്ദിച്ച് വി.ടി. ബല്‍റാം
"സ്കൂള്‍ വേനല്‍ അവധി മഴക്കാലത്തേക്ക് മാറ്റണോ? നിങ്ങള്‍ക്കും അഭിപ്രായം പറയാം"; ചർച്ചകള്‍ക്ക് തുടക്കമിട്ട് വിദ്യാഭ്യാസ മന്ത്രി

മണ്‍സൂണ്‍ കാലത്ത് കനത്ത മഴ കാരണം ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ട സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ മന്ത്രി അവധി മാറ്റുന്നതിനെപ്പറ്റിയുള്ള ചർച്ചകള്‍ തുടങ്ങിവെച്ചത്. സ്കൂൾ അവധിക്കാലം ഏപ്രിൽ-മെയ് മാസങ്ങളിൽ നിന്ന് മാറ്റി ജൂൺ-ജൂലൈ മാസങ്ങളിലേക്ക് ആക്കി പുനഃപരിശോധിക്കുന്നതിനെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. വ്യക്തിപരമായ ആലോചന മാത്രമാണിതെന്ന് വ്യക്തമാക്കിയ മന്ത്രി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ആവശ്യപ്പെടുകയായിരുന്നു.

വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സ്കൂൾ അവധിക്കാലം നിലവിലെ ഏപ്രിൽ-മെയ് മാസങ്ങളിൽ നിന്ന് മാറ്റി ജൂൺ-ജൂലൈ ആക്കുന്നതിനേക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി തുടങ്ങി വച്ചിരിക്കുന്ന പൊതു ചർച്ചയെ സ്വാഗതം ചെയ്യുന്നു.

ഇത്തരത്തിലുള്ള ഒരു മാറ്റത്തേക്കുറിച്ച് തീരുമാനമെടുക്കുന്നതിനു മുൻപ് വിശദമായ ചർച്ചയും അഭിപ്രായ സമന്വയവും സമൂഹത്തിൽ ഉണ്ടാവണം എന്ന വിദ്യാഭ്യാസ മന്ത്രിയുടെ തിരിച്ചറിവിനെ ആദ്യം തന്നെ അഭിനന്ദിക്കുന്നു. ഏകപക്ഷീയമായ തീരുമാനങ്ങൾ ആദ്യം തന്നെ എടുത്ത് പിന്നീടതിന്മേൽ വിവാദമുണ്ടാവുന്ന സാഹചര്യം വിദ്യാഭ്യാസ മേഖലയിൽ നല്ലതല്ല. വിദ്യാഭ്യാസ രംഗത്തുള്ള ഏതൊരു മാറ്റത്തിനും അക്കാദമികവും പ്രായോഗികവുമായ കാരണങ്ങൾ ഉണ്ടാവണം. അത് സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് ബോധ്യപ്പെടുന്ന തരത്തിൽ വിശദീകരിക്കാനും കഴിയണം.

ചർച്ചകൾക്കായി വിഷയം പൊതുസമൂഹത്തിന് മുൻപിൽ മന്ത്രി അവതരിപ്പിച്ച് കഴിഞ്ഞതേയുള്ളൂ എന്നതിനാൽ ഈ ഘട്ടത്തിൽ സുചിന്തിതമായ ഒരു അന്തിമാഭിപ്രായം പറയാൻ നമുക്കാർക്കും കഴിഞ്ഞെന്ന് വരില്ല. വിശദാംശങ്ങളും വാദങ്ങളും എതിർവാദങ്ങളും താത്പര്യത്തോടെ ഉറ്റുനോക്കുന്നു.

ഞാൻ ജവഹർ നവോദയ വിദ്യാലയത്തിലാണ് പ്ലസ് ടു വരെ പഠിച്ചത്. അവിടെ കേരള സ്ക്കൂളുകളിൽ നിന്ന് ഒരു മാസം വൈകി മെയ്-ജൂൺ മാസങ്ങളിലായിരുന്നു സമ്മർ വെക്കേഷൻ. നിലവിൽ അവിടെ രണ്ട് മാസം തികച്ച് വെക്കേഷൻ ഇല്ല, 50 ദിവസമേ ഉള്ളു എന്ന് തോന്നുന്നു. കേന്ദ്രീയ വിദ്യാലയങ്ങളിൽ ഈ വർഷം മെയ് 9 മുതൽ ജൂൺ 17 വരെയായിരുന്നു വെക്കേഷൻ, 40 ദിവസം മാത്രം. അതുകൊണ്ട് തന്നെ ഒറ്റയടിക്ക് രണ്ട് മാസം അഥവാ 60 ദിവസം ഒഴിവ് കൊടുക്കേണ്ടതുണ്ടോ എന്ന കാര്യത്തേക്കുറിച്ചും ചർച്ചയാവാമെന്ന് മന്ത്രിയുടെ ശ്രദ്ധയിൽക്കൊണ്ടുവരാൻ ആഗ്രഹിക്കുകയാണ്.

ഗൾഫ് രാജ്യമായ യുഎഇയിൽ ഏപ്രിൽ ആദ്യത്തിൽ പുതിയ അക്കാദമിക വർഷം ആരംഭിക്കും. മൂന്ന് മാസത്തെ ആദ്യ ടേം കഴിഞ്ഞ് ജൂലൈ-ആഗസ്ത് മാസങ്ങളിലായി 8 ആഴ്ചയാണ് സമ്മർ വെക്കേഷൻ. ഡിസംബറിൽ 20 ദിവസത്തോളം വിന്റർ ഒഴിവും ഉണ്ടാവും. അക്കാദമിക് വർഷം അവസാനിക്കുന്ന മാർച്ച് അവസാനവും രണ്ടാഴ്ചയോളം ഒഴിവ് കുട്ടികൾക്ക് ലഭിക്കും.

ഏപ്രിൽ, മെയ് മാസങ്ങളിലിപ്പോൾ കേരളത്തിൽ ചുട്ടുപൊള്ളുന്ന വെയിലാണ് എന്നത് കാണാതിരിക്കരുത്. ഗൾഫ് രാജ്യങ്ങളെപ്പോലെ എയർ കണ്ടീഷൻ ചെയ്ത ക്ലാസ് മുറികളല്ലല്ലോ നമ്മുടെ പൊതുവിദ്യാലയങ്ങളിലുള്ളത്. കുട്ടികൾ പുറത്ത് കളിക്കുമ്പോൾ സൂര്യാഘാതം ഏൽക്കുന്ന തരത്തിലുള്ള അനുഭവങ്ങൾ ഇപ്പോൾത്തന്നെ ഉണ്ടാവാറുണ്ട്. രൂക്ഷമായ കുടിവെള്ളക്ഷാമം പല സ്ക്കൂളുകളിലും അനുഭവപ്പെടാറുണ്ട്. ഇതിനൊക്കെ തൃപ്തികരമായ പരിഹാരം കാണേണ്ടതുണ്ട്.

മഴ പെയ്താൽ/ പെയ്യുമെന്ന് പ്രതീക്ഷിക്കപ്പെട്ടാൽ ഉടൻ ഒരു ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും ഒറ്റയടിക്ക് അവധി പ്രഖ്യാപിക്കേണ്ടി വരുന്ന അവസ്ഥക്കും മാറ്റമുണ്ടാവണം. കൂടുതൽ ശാസ്ത്രീയമായി ഇതിൽ ഇടപെടാൻ കഴിയണം. മഴക്കാലമാണെങ്കിലും കുട്ടികൾക്ക് സുരക്ഷിതമായി സ്ക്കൂളിലേക്ക് വരാനും പോകാനും കഴിയുന്ന തരത്തിൽ നമ്മുടെ പൊതു സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും മെച്ചപ്പെടുത്താനും കഴിയേണ്ടതുമുണ്ട്.

ഏതായാലും മാറ്റങ്ങളേക്കുറിച്ച് ചർച്ച നടക്കട്ടെ. പ്രായോഗികമായ പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും ഉയർന്നുവരട്ടെ. ഗുണപരമായ ഇടപെടലുകൾ ഉണ്ടാവട്ടെ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com