
കൊച്ചി: വി.എസ്. അച്യുതാനന്ദന് ക്യാപിറ്റൽ പണിഷ്മെന്റാണ് വേണ്ടതെന്ന് എം. സ്വരാജ് പറഞ്ഞുവെന്ന ഇന്ത്യാവിഷൻ ചാനലിലെ വാർത്ത പങ്കുവെച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. വിഎസ്സിനെക്കുറിച്ച് വന്നത് വ്യാജവാര്‍ത്തയായിരുന്നോ എന്ന് എം.വി. നികേഷ് കുമാറും വീണാ ജോർജും വ്യക്തമാക്കണം എന്നാണ് ബല്‍റാം പോസ്റ്റില്‍ ആവശ്യപ്പെടുന്നത്. 2012 ഫെബ്രുവരി എട്ടിലെ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് വി.ടി. ബൽറാമിന്റെ ചോദ്യം.
"അന്ന് ഇന്ത്യാവിഷൻ വാർത്താ വിഭാഗത്തിന് നേതൃത്വം നൽകിയിരുന്ന എം.വി. നികേഷ്കുമാർ, വീണ ജോർജ് എന്നിവർ ഇപ്പോഴെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരുത്തണം. സഖാവ് വി.എസിനേക്കുറിച്ച് അന്ന് നിങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുകയായിരുന്നോ?," ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
സിപിഐഎം സമ്മേളനത്തിലെ പൊതുചർച്ചയിൽ വി.എസ്. അച്യുതാനന്ദനെതിരെ രൂക്ഷവിമർശനവുമായി പ്രതിനിധികൾ. വിഎസ് ഒറ്റുകാരനാണെന്നും സമാന്തര പാർട്ടിയുണ്ടാക്കാൻ ശ്രമിച്ചെന്നും പ്രതിനിധികൾ ആരോപിച്ചു. വിഎസിന് ക്യാപിറ്റൽ പണിഷ്മെൻ്റാണ് വേണ്ടതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. സ്വരാജ് പറഞ്ഞു. വിഎസിന് പിന്തുണയുമായി വയനാട്ടിൽ നിന്ന് പി. കൃഷ്ണണപ്രസാദ് സംസാരിച്ചു - എന്നിങ്ങനെയുള്ള വാർത്താ ഭാഗമാണ് ബല്‍റാം പങ്കുവെച്ചിരിക്കുന്ന പോസ്റ്റില്‍ വായിക്കാനാകുക.
മാതൃഭൂമി ദിനപത്രത്തിലെ വാരാന്ത്യപതിപ്പില്‍ വന്ന മുന്‍ എംഎല്‍എയും സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ കെ. സുരേഷ് കുറുപ്പിന്റെ അനുസ്മരണ ലേഖനത്തോടെയാണ് വീണ്ടും ക്യാപിറ്റല്‍ പണിഷ്മെന്റ് പരാമർശം ചർച്ചയായത്. വിവാദ പരാമര്‍ശം ആലപ്പുഴയില്‍ വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിച്ചത് ഒരു 'കൊച്ചു പെണ്‍കുട്ടി'യാണെന്നായിരുന്നു സുരേഷ് കുറുപ്പിന്റെ ലേഖനത്തില്‍ പറഞ്ഞിരുന്നത്. നേരത്തെ സ്വരാജാണ് ഈ പ്രസ്താവന നടത്തിയതെന്ന തരത്തില്‍ പ്രചരണങ്ങള്‍ നടന്നിരുന്നു. ഇതിന് നേർ വിപരീതമായിരുന്നു സുരേഷ് കുറിപ്പിന്റെ വെളിപ്പെടുത്തല്‍.