പാലക്കാട്: എം. ബി. രാജേഷ്-വി.ടി. ബൽറാം വാക്ക് പോര് തുടരുന്നു. ഫേസ്ബുക്ക് കുറിപ്പ് വഴിയാണ് എം. ബി. രാജേഷിന് ബൽറാം മറുപടി കൊടുക്കുന്നത്. "രാജേഷിൻ്റെ വിഖ്യാതമായ പുസ്തകത്തിൻ്റെ പേര് നിശബ്ദമായിരിക്കാൻ എന്തവകാശം എന്നാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളം രാജേഷിനോടും , അദ്ദേഹത്തിൻ്റെ പരമോന്നത നേതാവിനോടുമെല്ലാം ചോദിക്കുന്നത് അതാണ്", വി. ടി. ബൽറാം കുറിച്ചു.
ബിജെപി-ഇലക്ഷൻ കമ്മീഷൻ കൂട്ടുകെട്ടിൽ വോട്ടർ പട്ടിക അട്ടിമറി വിഷയത്തിൽ നിശബ്ദമായിരിക്കുന്നത് എന്ത് കൊണ്ടാണ്, ഇൻഡ്യ മുന്നണിയുടെ ഭാഗമായി ഇരുന്നു കൊണ്ട് ഈ വിഷയത്തിൽ നിശബ്ദമായിരിക്കാൻ എന്തവകാശം,വോട്ട് ചോരി എന്ന രണ്ട് ചെറുവാക്കുകൾ ഉച്ചരിക്കാൻ കഴിയുമെങ്കിൽ ആദ്യം അത് ചെയ്യു . അതിന് ശേഷം മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാമെന്നും ബൽറാം വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
ഡിസി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ വിഖ്യാതമായ പുസ്തകത്തിന്റെ പേര് "നിശ്ശബ്ദരായിരിക്കാൻ എന്തവകാശം" എന്നതാണത്രേ! ഗംഭീര പുസ്തകമായിരിക്കണം, ഞാൻ വായിച്ചിട്ടില്ല.
പക്ഷേ, അത് തന്നെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേരളം അദ്ദേഹത്തോടും അദ്ദേഹത്തിന്റെ പരമോന്നത നേതാവിനോടുമെല്ലാം ചോദിച്ചുകൊണ്ടിരിക്കുന്നത്, ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ മാന്തുന്ന ബിജെപി-ഇലക്ഷൻ കമ്മീഷൻ കൂട്ടുകെട്ടിന്റെ വോട്ടർ പട്ടിക അട്ടിമറി വിഷയത്തിൽ അദ്ദേഹവും പരമോന്നത നേതാവും എന്താണ് നിശ്ശബ്ദരായി ഇരിക്കുന്നതെന്ന്? ഇന്ത്യാ മുന്നണിയുടെ ഭാഗമായി ഇരുന്നുകൊണ്ട് നിങ്ങൾക്കീ വിഷയത്തിൽ 'നിശ്ശബ്ദരായിരിക്കാൻ എന്തവകാശം' എന്ന്?
"വോട്ട് ചോരി" എന്ന രണ്ട് ചെറുവാക്കുകൾ ഇന്നിന്റെ രാഷ്ട്രീയ കാലാവസ്ഥയിൽ ഉച്ചരിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ ആദ്യം അത് ചെയ്യൂ. അതിന് ശേഷം പണ്ടെഴുതിയ പുസ്തകങ്ങളും ഇഷ്ടിക ഭാഷയിലെ പ്രസംഗങ്ങളും നമുക്ക് ചർച്ചക്കെടുക്കാം. മറ്റ് വിഷയങ്ങളും ഓരോന്നോരോന്നായി നമുക്ക് ചർച്ച ചെയ്യാം.