

പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടതില്‍ വൈകാരികമായി പ്രതികരിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കര്‍. രാംനാരായണന്‍ ഭയ്യാറിന്റെ ശരീരത്തില്‍ അടിയേല്‍ക്കാത്ത സ്ഥലങ്ങളില്ലെന്ന് ഹിതേഷ് ശങ്കര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളിയായ രാംനാരായണന്റെ വാരിയെല്ല് ഒടിഞ്ഞു. ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്നും ഡോ. ഹിതേഷ് പറഞ്ഞു. മലയാളികള്‍ അതിഥി തൊഴിലാളികളോട് ഇങ്ങനെ പെരുമാറരുത്. അതിഥി ദേവോ ഭവഃ എന്നാണ് നമ്മള്‍ പറഞ്ഞിരുന്നതെന്നും സര്‍ജന്‍ പറഞ്ഞു.
രാംനാരായണന്‍ ഭയ്യാറിനോട് നടത്തിയത് കാടത്തമാണ്. പൊതുസമൂഹത്തിന് ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം വേണമെന്നും ഡോക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പ്രിയരേ,
നിങ്ങളുമായി സംവദിച്ചിട്ടു ഒത്തിരി നാളായി .ഇന്ന് എന്റെ മനസ്സിനെ അത്യന്തം വേദനിപ്പിച്ച ഒരു പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ അനുഭവത്തെക്കുറിച്ച്, ഒരു ഡോക്ടറായും ഒരു മനുഷ്യനായും, പൊതുസമൂഹത്തോട് ചിലത് പറയണം എന്ന് തോന്നി. ജോലി തേടി നമ്മുടെ നാട്ടിലെത്തിയ ഒരു അഥിതി തൊഴിലാളിയെ കൂട്ടമായി നാം തല്ലിക്കൊന്നു. സ്വയം ''പ്രബുദ്ധര്‍'' എന്ന് ഉറക്കെ അവകാശപ്പെടുന്ന കേരളീയര്‍ മലയാളികള്‍ തന്നെയാണ് ഇത് ചെയ്തത് എന്നത് നമ്മെ കൂടുതല്‍ ലജ്ജിപ്പിക്കേണ്ട കാര്യമാണ്. ഇതിന്റെ മുമ്പില്‍ കേരളസമൂഹം തല താഴ്ത്തണം. ചണ്ഡീഗഡില്‍ നിന്ന് പുതുതായി ജോലിക്കെത്തിയ ആ മനുഷ്യന്‍, ഗൃഹാതുരത്വം കൊണ്ടും ജീവിതസമ്മര്‍ദ്ദങ്ങള്‍ കൊണ്ടും മാനസികമായി തളര്‍ന്നുപോയ ഒരു സാധുവായിരുന്നു. അവനെ നാം തെരുവില്‍ വീണു മരിക്കാന്‍ വിധിച്ചു.
പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍, ശരീരത്തില്‍ അടിയേറ്റ് കേടുപാടില്ലാത്ത ഒരിടം പോലും കണ്ടില്ല. പിന്നാമ്പുറത്തും നെഞ്ചിലും കൈകാലുകളിലും തലച്ചോറിലും എല്ലായിടത്തും ക്രൂരതയുടെ അടയാളങ്ങള്‍. അത് ഒരു നിമിഷത്തെ കോപമല്ല, കൂട്ടമനസ്സിന്റെ അന്ധതയും മനുഷ്യത്തിന്റെ പൂര്‍ണ്ണ അഭാവവും ആയിരുന്നു. കൂട്ടമര്‍ദനം നടത്തിയവരില്‍ ഒരാളെങ്കിലും ''ഇത് വേണ്ട'' എന്ന് പറഞ്ഞിരുന്നെങ്കില്‍, ഒരാള്‍ പോലും കൈ ഉയര്‍ത്താതിരുന്നെങ്കില്‍, ഇന്ന് ഒരു മനുഷ്യന്‍ ജീവനോടെ ഉണ്ടാകുമായിരുന്നു. അയാളുടെ കുടുംബത്തോട് കേരളസമൂഹം കടപ്പെട്ടിരിക്കുന്നു. സഹജീവിയെ തല്ലിക്കൊന്ന മനുഷ്യന്‍ മൃഗത്തേക്കാള്‍ ഭീകരനാണ്. ഇത്തരം ക്രൂരതയെ ന്യായീകരിക്കാനോ സംരക്ഷിക്കാനോ നമ്മില്‍ ആരും പാടില്ല. അത്തരക്കാരെ നിയമത്തിന് വിട്ടുകൊടുക്കുക. സംരക്ഷിക്കരുത്. ന്യായീകരിക്കരുത്. മൗനം പാലിക്കരുത്.
ഇനിയും ഇത് ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍, ഓരോ മലയാളിയും ഉണരണം. മനുഷ്യജീവിതത്തിന്റെ വില നമ്മുടെ വാക്കുകളിലല്ല, നമ്മുടെ പ്രവര്‍ത്തികളിലാണ് തെളിയേണ്ടത്
പ്രതീക്ഷയോടെ,
ഹിതേഷ്