
തിരുവനന്തപുരം: ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കകത്തെ വാര്‍ഡ് മെമ്പര്‍ ശ്രീജ ആത്മഹത്യ ചെയ്തത് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കളുടെ അധിക്ഷേപത്തില്‍ മനംനൊന്താണെന്ന് ഭര്‍ത്താവ് ജയന്‍. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഭാര്യ കരച്ചിലായിരുന്നെന്നും റോഡില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത രീതിയില്‍ അവര്‍ അധിക്ഷേപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് ശ്രീജയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആസിഡ് കഴിച്ചാണ് ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. വീടിന് പുറത്ത് അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
'ഭാര്യയെക്കുറിച്ച് സഹപ്രവര്‍ത്തകരും പ്രസിഡന്റും അപവാദ പ്രചരണം നടത്തിയതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രി മുതല്‍ തുടങ്ങിയതാണ് കരച്ചിലും മറ്റും. അവള്‍ക്ക് റോഡില്‍ ഇറങ്ങി നടക്കാന്‍ ആവാത്ത രീതിയില്‍ അവര്‍ പറഞ്ഞു. ചെറിയ സാമ്പത്തിക പ്രശ്‌നം ഉണ്ടായിരുന്നു. അത് സ്വന്തക്കാരെ കൈയ്യില്‍ നിന്നാണ് പണം വാങ്ങിയത്. പാര്‍ട്ടിക്കാരെ കൈയ്യില്‍ നിന്നൊന്നും പണം വാങ്ങിയിട്ടില്ല. അതുവെച്ചാണ് അവര്‍ ഇത്രയും അപരാധങ്ങള്‍ പറഞ്ഞുണ്ടാക്കിയത്,' ഭര്‍ത്താവ് ജയന്‍ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇന്നലെ പ്രതിഷേധം ഒക്കെ നടത്തി. എന്തിനാണ് അത് നടത്തിയതെന്ന് പറഞ്ഞില്ല. ഒരു മാസം മുമ്പെയും ഭാര്യ ആത്മഹത്യാ ശ്രമം നടത്തിയത് ഈ പ്രശ്‌നത്തിനു മുകളില്‍ തന്നെയാണെന്നും ജയന്‍ പറഞ്ഞു. അന്ന് ഏഴ് ദിവസം ആശുപത്രിയില്‍ കിടന്നു. ഇന്ന് രാവിലെ ഭാര്യ ആസിഡ് എടുത്ത് കുടിക്കുകയായിരുന്നുവെന്നും മകളാണ് അബോധാവസ്ഥയില്‍ കണ്ടതെന്നും ഭര്‍ത്താവ് ജയന്‍ പറഞ്ഞു.
ശ്രീജയുടെ മരണത്തിന് പിന്നില്‍ സിപിഐഎം നേതാക്കളാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ ദിവസം പ്രതിഷേധയോഗം അടക്കം വിളിച്ച് ശ്രീജയെ അപമാനിച്ചെന്നും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള സിപിഐഎം നേതാക്കളാണ് പിന്നിലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)