

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നതായി മുന്നറിയിപ്പ്. നാളെ മുതല്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, ശനിയാഴ്ച, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
ഈ ആഴ്ച അവസാനത്തോടെ കാലവർഷം എത്തിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. തെക്കൻ ബംഗാൾ ഉൾക്കടലിൻ്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലേക്ക് കാലവർഷം എത്താൻ അനുകൂല സാഹചര്യമാണ് നിലവിലുള്ളത്. ഇന്നലെ മധ്യകേരളത്തിൻ്റെ പലയിടങ്ങളിലും ഇടിമിന്നലോടെ കൂടിയ ശക്തമായ മഴ ലഭിച്ചിരുന്നു.