വയനാട്: കടുവാ ഭീതി ഒഴിയാതെ പുൽപ്പള്ളിയിലെ ജനവാസ മേഖല. ഇന്ന് പുലർച്ചെ പുൽപ്പള്ളി ടൗണിനു സമീപം എരിയപ്പള്ളിയിലും കടുവയെ കണ്ടു. കടുവയെ മയക്കുവെടിവച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കടുവ വനം വകുപ്പിൻ്റെ നിരീക്ഷണത്തിൽ ആണെന്നും എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നുമാണ് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നൽകുന്ന വിശദീകരണം..
പുൽപ്പള്ളി- കർണാടക അതിർത്തിയോട് ചേർന്ന് ബന്ദിപ്പൂർ വനമേഖലയിൽ കഴിഞ്ഞ ദിവസം കണ്ട കടുവയുടെ ചിത്രം പുറത്തുവന്നു. ഇന്നലെ മാടപ്പളളിക്കുന്ന് ഉന്നതിക്ക് സമീപം ഇറങ്ങിയ പരിക്കേറ്റ കടുവയാണ് ഇതെന്നാണ് സംശയം. എന്നാൽ ചെത്തിമറ്റത്ത് മാരനെ ആക്രമിച്ച് കൊന്ന കടുവയുമായി ഇതിന് സാമ്യമില്ലെന്നാണ് വനം വകുപ്പ് നൽകുന്ന സൂചന. ഇതോടെ ഒന്നിലധികം കടുവകൾ കാടിറങ്ങിയെന്ന സംശയം ബലപ്പെടുകയാണ്. പുൽപള്ളി ടൗണിനു സമീപം എരിയപ്പള്ളിയിൽ ഇന്നും പുലർച്ചെയും നാട്ടുകാർ കടുവയെ കണ്ടു.
കടുവ വനം വകുപ്പിൻ്റെ നിരീക്ഷണത്തിൽ ആണെന്നും എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ. കർണാടകയിലെ ഡാറ്റാ ബേസിലുള്ള കടുവയാണോ എന്ന് വ്യക്തത വരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മൈസൂരുവിൽ നിന്ന് പിടിച്ച നരഭോജിക്കടുവയെ കർണാടക വനം വകുപ്പ്, കേരളത്തിൻ്റെ വനാതിർത്തിയിൽ തുറന്നുവിട്ടെന്ന ആക്ഷേപം ഉയരുന്നുണ്ട്. പ്രദേശത്ത് കൂട് സ്ഥാപിച്ച് വനപാലകർ നിരീക്ഷണം തുടരുകയാണ്. കൂട് വെച്ച് പിടികൂടാൻ സാധിച്ചില്ലെങ്കിൽ മയക്കുവെടിവച്ച് കടുവയെ പിടികൂടാനാണ് വനം വകുപ്പിൻ്റെ തീരുമാനം.