

വയനാട്: പനമരം ചീക്കല്ലൂരില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാന്‍ ഉള്ള ഇന്നത്തെ ദൗത്യം ആരംഭിച്ചു. നിലവില്‍ കടുവയുടെ ലൈവ് ലൊക്കേഷന്‍ ലഭിച്ചിട്ടില്ല. അനുയോജ്യമായ സാഹചര്യം ലഭിച്ചാല്‍ ഇന്നുതന്നെ മയക്കുവെടി വെക്കുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ അജിത് കെ. രാമന്‍ പറഞ്ഞു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
കടുവയെ പിടികൂടാനാകാത്ത സാഹചര്യത്തില്‍ പനമരം പഞ്ചായത്തിലെയും കണിയാമ്പറ്റ പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പനമരം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒന്‍പത്, പതിനാല്, പതിനഞ്ച് വാര്‍ഡുകളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, 19, 20 വാര്‍ഡുകളിലുമാണ് അവധി പ്രഖ്യാപിച്ചത്. അംഗന്‍വാടികളും, മദ്രസകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പരീക്ഷകള്‍ക്കും ഇന്ന് അവധിയാണ്.
ചീക്കല്ലൂര്‍ പുളിക്കല്‍ പ്രദേശത്താണ് കഴിഞ്ഞ ദിവസം കടുവയെ കണ്ടത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തില്‍ കടുവ വയലിലും കാപ്പി തോട്ടത്തിലുമായി നീങ്ങുന്നതായുള്ള ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കടുവയെ മയക്കുവെടിവെച്ചോ കൂടുവെച്ചോ പിടികൂടാനാണ് വനംവകുപ്പിന്റെ നീക്കം.
തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ച് കടുവയെ ലൊക്കേറ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് ക്യാമറ ട്രാപ്പുകളും ലൈവ് ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. സമീപ പ്രദേശത്തു തന്നെ കടുവ ഉണ്ടാകുമെന്ന നിഗമനത്തിലാണ് വനംവകുപ്പ്.
ഇന്നലെ ഉച്ചയോടെ പനമരം ചീക്കല്ലൂര്‍ പുളിക്കല്‍ പാടത്തെ കൈതകൂട്ടത്തിനുള്ളിലാണ് കടുവയെ വനം വകുപ്പ് കണ്ടെത്തിയത്. കടുവയെ കാട്ടിലേക്ക് തുരത്താന്‍ മുത്തങ്ങയില്‍ നിന്നും കുങ്കിയാനകളായ ഭരതും, വിക്രമും എത്തി. ഇന്നലെ രാത്രി 8.30 ഓടെ പുളിക്കല്‍ പാടത്ത് നിന്ന് പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്താന്‍ ശ്രമിക്കുന്നതിനിടെ കടുവ ജനവാസ പ്രദേശത്തേക്ക് ഓടി മറഞ്ഞത് ആശങ്കയായി.
WWL 122 എന്ന 5 വയസുള്ള ആരോഗ്യവാനായ ആണ്‍കടുവയാണിത്. തിങ്കളാഴ്ച്ച പടിക്കാം വയല്‍ ഉന്നതിക്ക് സമീപമാണ് നാട്ടുകാര്‍ ആദ്യമായി കടുവയെ കണ്ടത്.