

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി സിപിഐഎം. പദ്ധതി അവസാനിപ്പിക്കാൻ യുഡിഎഫ് സർക്കാർ അപകടത്തെ കൂട്ടുപിടിക്കുകയാണെന്ന് തിരുവമ്പാടി മുൻ എംഎൽഎ ലിന്റോ ജോസഫ് ആരോപിച്ചു. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നടത്തിയ 'തുരങ്കപാതയെ ഞങ്ങൾ എതിർക്കും' എന്ന പ്രസ്താവന സത്യമാവുന്നോ എന്ന സംശയം പൊതുജനത്തിന് ഇടയിൽ ബലപ്പെടുന്നുവെന്ന് സിപിഐഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വിനോദും പറഞ്ഞു. കള്ളാടിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് നിർമാണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ജൂലൈ ഏഴിന് തുരങ്കപാത നിർമാണം നടക്കുന്ന കള്ളാടിയിൽ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. കള്ളാടി മീനാക്ഷി പാലത്തിനു സമീപത്തുണ്ടായ അപകടത്തിൽ എട്ടു പേർ മരിച്ചിരുന്നു. അന്ന് പ്രതികൂല കാലാവസ്ഥയും അപകട സാധ്യതയും കണക്കിലെടുത്ത് തുരങ്കപാതയുടെ നിർമാണ പ്രവർത്തികൾ താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ അപകടം നടന്ന് രണ്ടര മാസം കഴിഞ്ഞിട്ടും നിർമാണ പ്രവർത്തികൾ പുനരാരംഭിക്കാത്തത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് സിപിഐഎം ആരോപണം. അപകടത്തെ കൂട്ടുപിടിച്ച് പദ്ധതി അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുൻ എംഎൽഎ ലിന്റോ ജോസഫ് ആരോപിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞ 'തുരങ്കപാതയെ എതിർക്കും' എന്ന പ്രസ്താവന മുൻ നിർത്തിയാണ് സിപിഐഎം ആരോപണം. മാത്രമല്ല, നിലവിലെ തിരുവമ്പാടി എംഎല്‍എ സി.കെ. കാസിം പദ്ധതി പ്രദേശം ഇതുവരെയും സന്ദർശിക്കാത്തത് എതിർപ്പിന്റെ ഭാഗമായാണെന്നും സിപിഐഎം ആരോപിക്കുന്നു. താൽക്കാലികമായി നിർമാണം നിർത്തിവെക്കുമ്പോൾ ടണലിന്റെ ആനക്കാംപൊയിൽ ഭാഗത്ത് ആര്‍എച്ച്എസ് 110 മീറ്ററും എല്‍എച്ച്എസ് 20 മീറ്ററും തുരക്കൽ പൂർത്തിയായിരുന്നു. കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സ്പെഷ്യൽ കമ്മിറ്റി അതിവേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കണം എന്നും, ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് പ്രവർത്തികൾ അടിയന്തരമായി പുനരാരംഭിക്കണം എന്നുമാണ് സിപിഐഎം നേതൃത്വം ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ പ്രദേശവാസികളെ അണിനിരത്തി വലിയ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം.