

മലപ്പുറം: സംസ്ഥാനത്ത് പുതുതായി അധികാരമേൽക്കുന്ന യുഡിഎഫ് സർക്കാർ മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന ആവശ്യമുയർത്തി വെൽഫെയർ പാർട്ടി. ഭൂവിസ്തൃതി, ജനസംഖ്യ, വികസന സാധ്യത എന്നിവ മുൻ നിർത്തി ജില്ലയെ വിഭജിക്കണമെന്നാണ് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടത്.
നിലവിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആവശ്യങ്ങൾ നിറവേറ്റാൻ മലപ്പുറത്തെ ജില്ലാ ഭരണകൂടത്തിന് സംവിധാനങ്ങളില്ല എന്നും വെൽഫെയർ പാർട്ടി ആരോപിച്ചു. മലപ്പുറം ജില്ലയിലെ ജനസംഖ്യ 48 ലക്ഷത്തോളം വരും. മാറി മാറി വരുന്ന സംസ്ഥാന സർക്കാരുകൾ ജില്ലയോടുള്ള അവഗണന തുടരുകയാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.
മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കരയും കഴിഞ്ഞ ദിവസം അഭിപ്രായം പങ്കുവച്ചിരുന്നു. ജില്ല വിഭജിക്കുന്നതിലൂടെ ഭരണപരമായ കാര്യങ്ങളിലും പൊതു സൗകര്യത്തിലുമുണ്ടാകുന്ന പുരോഗതിക്കുള്ള നിക്ഷേപമായി ഇതിനെ കാണാമെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. ജില്ലയുടെ വിഭജനത്തെ കുറിച്ച് പലപ്പോഴും പ്രപ്പോസൽ അയച്ചിട്ടുണ്ടെന്ന് ദിലീപ് കൂട്ടിച്ചേർത്തു.
നേരത്തെ യൂത്ത് ലീഗും സമസ്തയും ഉൾപ്പെടെ ഇതേ ആവശ്യവുമായി രംഗത്ത് വന്നിരുന്നു. 45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകളിൽ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും, വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും വിഭജനം അത്യാവശ്യമാണ് എന്ന് ചൂണ്ടിക്കാട്ടി ഉമർ ഫൈസി മുക്കം പ്രമേയം അവതരിപ്പിച്ചിരുന്നു.
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യമുയർത്തി യൂത്ത് ലീഗും പ്രമേയം അവതരിപ്പിച്ചിരുന്നു. തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുത്തി തിരൂരങ്ങാടി ജില്ല വേണമെന്നാണ് പ്രമേയം പാസാക്കിയത്. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രതിനിധി സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.