
സമരപോരാട്ടങ്ങളുടെ നായകന്‍ വി.എസ്. അച്യുതാനന്ദന്‍ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട് എന്നത് അധികമാളുകള്‍ അറിയാത്ത കൗതുകമാണ്. കണ്ണൂര്‍ കൂത്തുപറമ്പിലെ ദൃശ്യ ആര്‍ട്‌സ് നിര്‍മിച്ച കാമ്പസ് ഡയറി എന്ന സിനിമയിലാണ് വി.എസ്. അഭിനേതാവായത്.
നാട്യങ്ങളില്ലാതെ തന്നെ നായകനായ അതുല്യ ജീവിതമാണ് വി.എസ്. അച്യുതാനന്ദന്റേത്. ജീവിതവും രാഷ്ട്രീയവും വ്യക്തികളുമെല്ലാം പലവേഷമാടി മുന്നില്‍ വന്നപ്പോഴും മലയാളിയുടെ കണ്ണും കരളുമായ വി.എസ്. അഭിനയങ്ങളില്ലാതെ തന്നെ തുടര്‍ന്നു. ഒരു പക്ഷേ വി.എസ്. ജീവിതത്തില്‍ ഒരു തവണയേ അഭിനയിച്ചു കാണുള്ളൂ. അത് കണ്ണൂരില്‍ വെച്ചായിരുന്നു.
കാമ്പസ് ഡയറി എന്ന സിനിമയുടെ ക്യാമറയ്ക്ക് മുന്നില്‍. കൂത്തുപറമ്പിലെ ദൃശ്യ ആര്‍ട്ട്‌സിന്റെ ബാനറിലായിരുന്നു സിനിമ നിര്‍മ്മിച്ചത്. വിനീഷ് പാലയാട് കഥയും തിരക്കഥയും എഴുതി ജീവന്‍ദാസ് ആണ് സംവിധാനം നിര്‍വഹിച്ചത്.
സിനിമ കൈകാര്യം ചെയ്യുന്ന വിഷയമായിരുന്നു അഭിനയിക്കാന്‍ വി.എസ്. സമ്മതിക്കാനുള്ള കാരണം. ജീവിതത്തിലെന്നും സമരങ്ങളുടെ നായകനായ വി.എസിന് സിനിമയിലെ റോളും സമരനായകന്റെത് തന്നെയായിരുന്നു. മേക്കപ്പിട്ട് ഒരുങ്ങി, ആക്ഷന്‍ പറയുമ്പോള്‍ അഭിനയിച്ച് തുടങ്ങിയ വി.എസ്. വലിയവെളിച്ചത്തെ ഷൂട്ടിങ് കാണാന്‍ എത്തിയവര്‍ക്കെല്ലാം കൗതുകമായിരുന്നു. ജലചൂഷണത്തിനെതിരെ നടക്കുന്ന പോരാട്ടത്തെ അഭിവാദ്യം ചെയ്യാനെത്തുന്ന വി.എസ് ആയി തന്നെയാണ് അച്യുതാനന്ദന്‍ സിനിമയില്‍ അഭിനയിച്ചത്.