
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി ആരാണെന്ന് നാളെ അറിയാം. പ്രത്യേക മന്ത്രിസഭാ യോഗം കൂടിയാണ് പുതിയ പൊലീസ് തലവനെ തീരുമാനിക്കുക. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖറിനാണ് സാധ്യത കൂടുതല്‍. നിധിന്‍ അഗര്‍വാളിനായും ചരടുവലികള്‍ സജീവമാണ്.
കഴിഞ്ഞ വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയ പൊലീസുകാര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ സമ്മാനിച്ച് ഷെയ്ഖ് ദര്‍വേഷ് സാഹിബ്, പൊലീസ് മേധാവി പദവിയിലെ അവസാന പൊതുപരിപാടിയും പൂര്‍ത്തിയാക്കി. പൊലീസ് തലപ്പത്തേക്ക് ഇനിയാര് എന്നതാണ് ഇനി ഉയരുന്ന ചോദ്യം. അനിശ്ചിതത്വങ്ങൾ മാറി കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖർ പൊലീസ് തലവനായി എത്തുമെന്നാണ് സൂചന. കൂത്തുപറമ്പ് വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തൽക്കാലം പിണറായി സർക്കാർ വിട്ടേക്കുമെന്നാണ് സൂചന. പൊലീസ് ആസ്ഥാനത്തു നിന്ന് റവാഡയുടെ ഫയലുകൾ ആഭ്യന്തരവകുപ്പ് ശേഖരിച്ചിട്ടുണ്ട്.
എന്നാൽ യുപിഎസ്‌സി കൈമാറിയ പട്ടികയിൽ ഒന്നാമനായ നിധിൻ അഗർവാളിന് സാധ്യത കൽപ്പിക്കുന്നവരുമുണ്ട്. പട്ടികയിൽ മൂന്നാമനായ യോഗേഷ് ഗുപ്തയ്ക്ക് സാധ്യത ഒട്ടുമില്ലെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനിഷ്ടമാണ് പ്രധാന കാരണം.
സത്യത്തിൽ ഈ മൂന്നു പേരുകാരോടും സര്‍ക്കാരിന് പൂര്‍ണ തൃപ്തിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ പട്ടികയ്ക്ക് പുറത്ത് നിന്നൊരാളെ ഇന്‍ ചാര്‍ജ് ഡിജിപിയാക്കാനുള്ള ആലോചനകളുമുണ്ട്. മനോജ് എബ്രഹാമാണ് സര്‍ക്കാരിന്റെ മനസില്‍. പക്ഷെ യുപിഎസ്‌സി നടപടികള്‍ പൂര്‍ത്തിയാക്കി പട്ടിക തന്ന ശേഷം അതിനെ തള്ളുന്നത് നിയമപോരാട്ടത്തിലേക്ക് വഴിവെക്കുമെന്നതിനാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. നാളെ ഓണ്‍ലൈനായി ചേരുന്ന മന്ത്രിസഭായോഗത്തിനു ശേഷം സർക്കാർ തീരുമാനം അറിയിക്കും.