"സർവകലാശാലകളെ സംഘപരിവാർ കേന്ദ്രമാക്കുന്നു"; വേടൻ്റേയും ഗൗരിയുടേയും പാട്ടുകൾ ഒഴിവാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം

സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെ സർവകലാശാലയുടെ ഈ നീക്കത്തെ വിമർശിച്ച് രംഗത്തെത്തി.
Vedan, Gauri Lakshmi, Calicut University
Source: News Malayalam 24x7
Published on

കാലിക്കറ്റ് സർവകലാശാലയിലെ പാഠ്യപദ്ധതിയിൽ നിന്ന് റാപ്പർ വേടൻ്റേയും ഗൗരി ലക്ഷ്മിയുടേയും പാട്ടുകൾ ഒഴിവാക്കാനുള്ള വിദഗ്ധ സമിതി റിപ്പോർട്ടിനെ ചൊല്ലി വ്യാപക പ്രതിഷേധം ഉയരുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെ സർവകലാശാലയുടെ ഈ നീക്കത്തെ വിമർശിച്ച് രംഗത്തെത്തി.

"വേടനേയും ഗൗരി ലക്ഷ്മിയേയുമൊക്കെ അവർ എന്തിനാണ് ഇങ്ങിനെ പേടിക്കുന്നത് എന്നറിയാമോ...!!!! ആ ഭയം അവരുടെ ജനിതക ഘടനയിലുണ്ട്..." എന്നായിരുന്നു മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്.

സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധമാണ് വിഷയത്തിൽ ഉയർന്നുവരുന്നത്. സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഈ വിലക്കുകളെന്നും വിമർശനം ഉയരുന്നു.

പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിനെതിരെ ബിജെപി സിൻഡിക്കേറ്റ് അംഗം എ.കെ. അനുരാജ് നൽകിയ പരാതിയിൽ വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ദ സമിതിയാണ് റിപ്പോർട്ട് നൽകിയത്. വേടൻ്റെ പാട്ട് വിദ്യാർഥികൾക്കിടയിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുമെന്നും പകരം മറ്റാരുടേയെങ്കിലും കാമ്പുള്ള രചന ചേർക്കണമായിരുന്നു എന്നും ബിജെപി നേതാവിൻ്റെ പരാതിയിൽ ഉണ്ടായിരുന്നത്.

കാലിക്കറ്റ് സർവകലാശാല ബിഎ മൂന്നാം സെമസ്റ്റർ മലയാളം സിലബസിൽ നിന്ന് വേടൻ്റേയും ഗൗരി ലക്ഷ്മിയുടേയും പാട്ടുകൾ ഒഴിവാക്കണമെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ട്‌. മലയാളം വിഭാഗം മുൻ മേധാവി ഡോ. എം.എം. ബഷീറാണ് പഠനം നടത്തി വിസിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടൻ്റെ പാട്ട് പിൻവലിക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. റാപ്പിന്റെ സാഹിത്യത്തിന് ആശയപരമായ ഇഴയടുപ്പമില്ലെന്നും എം.എം. ബഷീറിന്റെ റിപ്പോർട്ടിൽ പറയുന്നു.

Vedan, Gauri Lakshmi, Calicut University
"വേടന്റെയും ഗൗരിയുടെയും പാട്ട് പഠിപ്പിക്കേണ്ട"; കാലിക്കറ്റ് സർവകലാശാല വിദഗ്‌ധ സമിതി റിപ്പോർട്ട് പുറത്ത്

അതേസമയം, ഗൗരി ലക്ഷ്മിയുടെ 'അജിതാ ഹരേ' എന്ന ദൃശ്യാവിഷ്കാരം കഥകളി സംഗീതവുമായി താരതമ്യപഠനം നടത്തിയാണ് സിലബസിൽ ഉൾപ്പെടുത്തിയിരുന്നത്. ബിഎ മലയാളം പഠിക്കാൻ എത്തുന്ന വിദ്യാർഥികൾക്ക് ഇതിന്റെ അടിസ്ഥാന കാര്യങ്ങളിൽ പോലും ധാരണയുണ്ടാവില്ലെന്നും ഇത്തരം താരതമ്യ പഠനം കഠിനമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പാട്ട് പിൻവലിക്കാൻ ശുപാർശ നൽകിയിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com