

കൊച്ചി: സൂരജ് ലാമയുടെ മരണം കൊലപാതം പോലെയാണെന്നും കളമശേരി മെഡിക്കല്‍ കോളേജിനെതിരെ പരാതി നല്‍കുമെന്നും ഭാര്യ റീന ലാമ. തന്റെ ഭര്‍ത്താവിനോട് കുറച്ച് അലിവ് കാണിക്കണം. എല്ലാരോടും അപേക്ഷിക്കുകയാണ്. ഇത് സാധാരണ ഒരു മിസ്സിംഗ് കേസ് അല്ല. ഒരു കൊലപാതക കേസ് പോലെയാണെന്നും റീന ലാമ പറഞ്ഞു. കളമശേരി പൊതുശ്മശാനത്തില്‍ വച്ച് സൂരജ് ലാമയുടെ സംസ്‌കാരം നടന്നതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു റീന.
ആറ് മണിക്കൂറിലേറെ സൂരജ് ലാമ കളമശേരി മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്നു. എന്നിട്ടും ആരും ഒന്നും ചെയ്തില്ല. അതുകൊണ്ടാണ് ഈ ദുര്‍ഗതി അദ്ദേഹത്തിനുണ്ടായത്. ആശുപത്രിക്കെതിരെ പരാതി നല്‍കുമെന്നും റീന ലാമ പറഞ്ഞു.
സാധാരണ ഒരു മിസ്സിംഗ് കേസ് അല്ല ഇത്. ആശുപത്രിക്ക് വീഴ്ച പറ്റി. എല്ലാ സംവിധാനങ്ങള്‍ക്കും ഗുരുതരമായി വീഴ്ച സംഭവിച്ചിട്ടുണ്ട്. കൃത്യമായ പരിചരണം ലഭിച്ചിരുന്നെങ്കില്‍ ലാമ ജീവിച്ചിരുന്നേനെ എന്നും റീന ലാമ പറഞ്ഞു.
കുവൈത്തില്‍ നിന്ന് നാടു കടത്തിയ കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെ മൃതദേഹം നവംബര്‍ 30നാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. കളമശേരി എച്ച്എംടി കമ്പനിക്ക് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ മൃതദേഹം തിരിച്ചറിയാന്‍ കഴിയുന്ന നിലയില്‍ അല്ലാത്തതിനാല്‍ ഡിഎന്‍എ ടെസ്റ്റിന് അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മൃതദേഹം സൂരജ് ലാമയുടേത് തന്നെയാണെന്ന് ഡിഎൻഎ പരിശോധനാ ഫലം പുറത്തുവന്നത്.
കുവൈത്തില്‍ വിഷമദ്യ ദുരന്തത്തിന് ഇരയായി ഓര്‍മ നഷ്ടപ്പെട്ട സൂരജ് ലാമയെ അധികൃതര്‍ ഇന്ത്യയിലേക്ക് വിമാനം കയറ്റി അയക്കുകയായിരുന്നു. ബെംഗളൂരുവിലേക്ക് അയക്കുന്നതിന് പകരം ലാമയെ നെടുമ്പാശേരിക്കാണ് അയച്ചത്. തുടര്‍ന്ന് കൊച്ചിയില്‍ എത്തിയ ലാമയെ കാണാതാവുകയായിരുന്നു.
ഒക്ടോബര്‍ അഞ്ചിന് നെടുമ്പാശേരിയില്‍ എത്തിയ ലാമ കുറച്ചു നാള്‍ പലയിടങ്ങളിലായി അലഞ്ഞു തിരിഞ്ഞു നടന്നു. അതിനിടെ ലാമയെ തൃക്കാക്കര പൊലീസ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. എന്നാല്‍ ലാമയാണെന്ന് തിരിച്ചറിഞ്ഞില്ല. പിന്നാലെ മകന്‍ സന്ദന്‍ ലാമ ഹേബിയസ് കോര്‍പ്പസ് നല്‍കിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. അതിന് ശേഷം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കുറ്റിക്കാട്ടില്‍ നിന്നും അഴുകിയ നിലയില്‍ കണ്ടെത്തിയത്.