കാഴ്ചക്കുറവുള്ള കാട്ടാന പി.ടി. 5ൻ്റെ കണ്ണിന് ചികിത്സ ഉറപ്പാക്കാൻ തീരുമാനം. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ആനയെ ചികിത്സിക്കുക. വയനാട്ടിൽ നിന്നുള്ള രണ്ട് കുങ്കിയാനകളെ ഇതിനായി പാലക്കാട് എത്തിക്കാനും തീരുമാനമായി. ഈ ആഴ്ച തന്നെ വയനാട്ടിൽ നിന്നുള്ള കുങ്കി ആനകൾ പാലക്കാട്ടെത്തും. ആദ്യം മയക്കുവെടി വെച്ച ശേഷം കാട്ടിൽ വച്ച് തന്നെ ചികിത്സിക്കും. പിന്നീട് ആരോഗ്യനില വിലയിരുത്തിയ ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.
മയക്കുവെടിവച്ചു പിടികൂടി, ചികിത്സ നൽകുന്നതിനായി കഴിഞ്ഞ ദിവസം മുതൽ തന്നെ പി.ടി. 5നെ ദൗത്യസംഘം നിരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. നിലവിൽ ഇവരുടെ നിരീക്ഷണ വലയത്തിലാണ് ആനയുള്ളത്. നേരത്തെ പൈനാപ്പിളിലും പഴങ്ങളിലും മരുന്നുവച്ച് ആനയ്ക്കു ചികിത്സ നൽകിയിരുന്നു.
ആന കൂടുതൽ മേഖലകളിലേക്കു സഞ്ചരിച്ചെത്തുന്നതിനാൽ ചികിത്സയിൽ നേരിയ പുരോഗതിയുണ്ടെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നുമാണ് ദൗത്യസംഘം പറയുന്നത്. എങ്കിലും മയക്കുവെടി നേരിടുന്നതിനുള്ള ആരോഗ്യം ആനയ്ക്കുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാകും കൂടുതൽ നടപടികളിലേക്കു കടക്കുക.