വയനാട്: പുൽപ്പള്ളി ചീയമ്പത്ത് വന്യജീവി ആക്രമണം. 73 ഉന്നതി ചെക്ക് ഡാമിനടുത്താണ് വന്യജീവി ആക്രമണം ഉണ്ടായത്. പ്രദേശത്ത് പോത്തിനെ ആക്രമിച്ചു. ചീയമ്പം 73 ഉന്നതിയിലെ ബിജുവിന്റെ പോത്തിനെയാനാണ് വന്യജീവി കടിച്ചുകൊന്നത്. ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം ഉണ്ടായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇതിനുശേഷം മാത്രമേ സ്ഥിരീകരണം ഉണ്ടാവുകയുള്ളു. പ്രദേശത്ത് കടുവയെ കണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം, പനമരം ചീക്കല്ലൂരില്‍ ജനവാസ മേഖലയിൽ ഇറങ്ങി ഭീതിപരത്തിയ കടുവ കാട് കയറിയെന്ന് കഴിഞ്ഞ ദിവസം വനംവകുപ്പ് അറിയിച്ചിരുന്നു. എങ്കിലും വനമേഖലയിൽ നിരീക്ഷണം തുടരുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. നിലവിലെ നിയന്ത്രണങ്ങൾ തുടരേണ്ട സാഹചര്യമില്ല. പ്രജനന കാലം ആയതിനാലാണ് കടുവ ഇറങ്ങി വന്നതെന്നും വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.