ആലപ്പുഴ: കായംകുളം നഗരസഭയിൽ എൽഡിഎഫ് ലക്ഷ്യം മൂന്നാം ഊഴം ആണ്. കഴിഞ്ഞ പത്ത് വർഷം നടപ്പാക്കിയ വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് ഇടതുപക്ഷം തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. എന്നാൽ അധികാരത്തിലെത്താമെന്ന ആത്മവിശ്വാസത്തിൽ ആണ് യുഡിഎഫ്. നില മെച്ചപെടുത്താൻ ബിജെപി ഇപ്പോഴേ കളത്തിൽ ഇറങ്ങിക്കഴിഞ്ഞു.
ആലപ്പുഴയിലെ രാഷ്ട്രീയത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന കായംകുളം നഗരസഭ 1907ലാണ് സ്ഥാപിതമായത്. ആകെ 44 വാർഡുകൾ, 23 സീറ്റുകൾ നേടി എൽഡിഎഫ് കഴിഞ്ഞ തവണ ഭരണം നിലനിർത്തി. കഴിഞ്ഞ പത്ത് വർഷത്തെ ഭരണനേട്ടങ്ങൾ വീണ്ടും അധികാരത്തിൽ എത്തിക്കുമെന്നാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ.
എന്നാൽ നൂറ് വർഷം പിന്നിടുന്ന നഗരസഭയിൽ മൂന്നാം ഊഴം ലക്ഷ്യമിടുന്ന എൽഡിഎഫിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. എൽഡിഎഫ് ഭരണത്തിൽ നഗരസഭയുടെ വികസനം മുരടിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഭരണപക്ഷത്തിൻ്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ അധികാരത്തിലെത്താൻ കഴിയുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. എന്നാൽ എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിക്കുന്ന നഗരസഭയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല എന്നാണ് ബിജെപിയുടെ ആരോപണം.
ലോക്സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം നഗരസഭയിലും പ്രതിഫലിക്കും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ഇതിനോടകം തന്നെ വാർഡ് തലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.