പതിനഞ്ചാം നിയമസഭയുടെ 14-ാം സമ്മേളനത്തിന് ഇന്ന് തുടക്കം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മുൻ സ്പീക്കറും മന്ത്രിയുമായിരുന്ന പി.പി. തങ്കച്ചൻ, പീരുമേട് എംഎല്‍എ ആയിരുന്ന വാഴൂര്‍ സോമന്‍ എന്നിവര്‍ക്ക് സഭ ഇന്ന് അനുശോചനം രേഖപ്പെടുത്തും.
കസ്റ്റഡി മർദനം അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതിനാൽ നാളെ മുതൽ സഭ പ്രക്ഷുബ്ധമാകും. കോൺഗ്രസ് പാർട്ടിയിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സഭയിൽ എത്തുമോ എന്ന കാര്യത്തിലാണ് ആശങ്ക. കൂടാതെ അമീബിക് മസ്തിഷ്ക ജ്വരം, ആരോഗ്യ വകുപ്പിന്റെ വീഴ്ചകൾ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, ജിഎസ്ടി തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. അടുത്ത മാസം പത്താം തീയതിയാണ് സഭാ സമ്മേളനത്തിന്റെ സമാപനം.
രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തുമോ എന്നതിലാണ് ഉദ്വേഗം നിലനിൽക്കുന്നത്. രാഹുൽ എത്തിയാൽ തന്നെ പ്രത്യേക ബ്ലോക്കായി ഏറ്റവും പിന്നിൽ ഇരിക്കേണ്ടി വരും. അതേസമയം സഭയിൽ രാഹുൽ വരണമോ എന്നതിൽ എ ഗ്രൂപ്പിൽ ഭിന്നാഭിപ്രായമാണ്. മാറി നിൽക്കണം എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സഭയിലേക്ക് വരരുതെന്ന് ആരും രാഹുലിനെ അറിയിച്ചിട്ടില്ലെന്നാണ് സൂചന.