ഒറ്റ സീറ്റിൻ്റെ ലീഡിൽ യുഡിഎഫിനൊപ്പം, തിരിച്ചുപിടിക്കാൻ എൽഡിഎഫ്; മീനങ്ങാടിയിൽ വാശിയേറിയ പോരാട്ടത്തിന് ഒരുങ്ങി മുന്നണികൾ

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ വാശിയേറിയ പോരാട്ടത്തിന് മുന്നണികൾ ഒരുങ്ങുകയാണ്‌.
meenangadi
മീനങ്ങാടി പഞ്ചായത്ത് കാര്യാലയംSource: News Malayalam 24x7
Published on

വയനാട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ വാശിയേറിയ പോരാട്ടത്തിന് ഒരുങ്ങുകയാണ് മീനങ്ങാടി പഞ്ചായത്ത്. 3 തവണ എൽഡിഎഫ്‌ ഭരിച്ച പഞ്ചായത്തിൽ ഒറ്റ സീറ്റിൻ്റെ ലീഡിലാണ് കഴിഞ്ഞ തവണ യുഡിഎഫ്‌ ഭരണം ഉറപ്പിച്ചത്. മീനങ്ങാടി ഗ്രാമ പഞ്ചായത്തിൽ ആകെ 19 സീറ്റുകളാണുള്ളത്. 2020- ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ 10 ഉം എൽഡിഎഫ്‌ 9 സീറ്റുകളും നേടി. 3 തവണ എൽഡിഎഫ് ഭരിച്ച ഗ്രാമ പഞ്ചായത്തിൽ 2020 ലെ തെരഞ്ഞെടുപ്പിൽ ഭരണം ലഭിച്ചതോടെ നിരവധി വികസന പദ്ധതികളാണ് യുഡിഎഫ്‌ നടപ്പാക്കിയത്.

ആദിവാസി ക്ഷേമവും, അവർക്കായുള്ള ഭവന നിര്‍മാണ പദ്ധതിയും, കാർബൺ ന്യൂട്രൽ മീനങ്ങാടിയും, പച്ചതുരുത്ത് പോലുള്ള പദ്ധതികളിലും മീനങ്ങാടി പഞ്ചായത്ത് വേറിട്ട് നിൽക്കുന്നു. വിദ്യാഭ്യാസ,ആരോഗ്യ മേഖലയിലും മാലിന്യ സംസ്കരണ രംഗത്തും ഏറെ ശ്രദ്ധ വെച്ചിരുന്നുവെന്ന് പഞ്ചായത്ത്‌ പ്രസിഡൻ്റ് കെ. ഇ. വിനയന്‍ പറഞ്ഞു.

meenangadi
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലടക്കം കുടിശിക; കടം വീട്ടാൻ ഓവർ ഡ്രാഫ്റ്റ്‌ എടുക്കാൻ ആരോഗ്യ വകുപ്പ്

പഞ്ചായത്തിലെ വികസന പദ്ധതികൾക്ക് നിരവധി പുരസ്കാരങ്ങളാണ് ലഭിച്ചത്. സംസ്ഥാന ഹരിത കർമ സേന പുരസ്കാരം, രാഷ്ട്രപതിയുടെ പ്രഥമ കാർബൺ ന്യൂട്രൽ പുരസ്കാരം, മികച്ച ജാഗ്രത സമിതിക്കുള്ള പുരസ്‌കാരം, സംസ്ഥാനത്തെ മികച്ച കർഷക പഞ്ചായത്ത്‌ അവാർഡ്, സി അച്യുതാമേനോൻ പുരസ്‌കാരം എന്നിവയെല്ലാം മീനങ്ങാടി പഞ്ചായത്ത് സ്വന്തമാക്കിയിട്ടുണ്ട്. അവാർഡുകളിലൂടെ മാത്രം 2 കോടി രൂപയാണ്‌ പഞ്ചായത്തിന് ലഭിച്ചത്.

2020 മുതൽ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തുടർച്ചയായി സ്വന്തമാക്കാൻ സാധിച്ചത് യുഡിഎഫിൻ്റെ ആത്മവിശ്വാസം കൂട്ടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ ഓരോന്നും എണ്ണി പറഞ്ഞുകൊണ്ടാണ് യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ പല പദ്ധതികളിലും പോരായ്മകൾ ഉണ്ടെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പലതും നടത്തിയില്ലെന്നുമാണ് എൽഡിഎഫിൻ്റെ വാദം.

നങ്ങാടി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് വാഗ്ദാനം ചെയ്ത യുഡിഎഫ് അതിനായി ഒന്നും ചെയ്തില്ലെന്നും എൽഡിഎഫ് പറയുന്നു. എൽഡിഎഫ് ചെയ്ത വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ്‌ പുരസ്കാരങ്ങൾ ലഭിച്ചതെന്ന് ജനങ്ങൾ മനസ്സിലാക്കുമെന്നും വോട്ട് നൽകുമെന്നും എൽഡിഎഫ് നേതൃത്വം അറിയിച്ചു.

എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിക്കുന്ന പഞ്ചായത്തിൽ ഇത്തവണ കളം പിടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ ബിജെപിയും പങ്കുവയ്ക്കുന്നുണ്ട്. മതന്യൂനപക്ഷ വിഭാഗങ്ങൾ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. നിരവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പിൽ മീനങ്ങാടിയിൽ മൂന്ന് മുന്നണികളും ഭരണം പിടിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com