തിരുവനന്തപുരത്ത് അടിവയറ്റിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാല വിരലുകൾ നഷ്ടപ്പെട്ടെന്ന് പരാതിപ്പെട്ട യുവതി സർക്കാരിനെ തിരെ രംഗത്ത്. മുഖ്യമന്ത്രിക്കടക്കം പരാതി കൊടുത്തിട്ടും നടപടിയില്ല.വിവാദ ഡോക്ടർ ഇപ്പോഴും മറ്റൊരിടത്ത് പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നും അന്വേഷണത്തിൽ സംശയം ഉണ്ടെന്നും യുവതി ന്യൂസ് മലയാളത്തോട് പറഞ്ഞു.
നിലവിൽ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, പൊലീസ്, ജില്ലാ കളക്ടർ, വനിതാ കമ്മീഷൻ ഉൾപ്പെടെയുള്ള അധികൃതർക്ക് പരാതി നൽകിയിരുന്നു. തിരുവനന്തപുരത്തെ കോസ്മറ്റിക് ആശുപത്രിയെ സംരക്ഷിച്ചുകൊണ്ടുള്ള മെഡിക്കൽ റിപ്പോർട്ട് പൊലീസ് തള്ളിയിരുന്നു. ബന്ധപ്പെട്ട വകുപ്പുകൾക്ക് ഒക്കെയും പരാതി നൽകിയിട്ട് 3 മാസമായി. മനുഷ്യാവകാശ കമ്മീഷനോ, വനിതാ കമ്മീഷനോ ഒന്നും മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ല.
അടിവയറിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് യുവതി തിരുവനന്തപുരത്തെ കോസ്മറ്റിക് ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയക്ക് പിന്നാലെ 9 വിരലുകളാണ് യുവതിക്ക് നഷ്ടപ്പെട്ടത്. ടെക്‌നോപാർക്കിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. അന്വേഷണത്തിൽ തൃപ്തരല്ലെന്നും ആശങ്കയുണ്ടെന്നും കുടുബം അറിയിച്ചു. മെഡിക്കൽ റിപ്പോർട്ട് വരട്ടെ എന്നാണ് പൊലീസ് പറയുന്നതെന്നും കുടുംബം ആരോപിച്ചു.