സംസ്ഥാനത്തെ പൊതുജനാരോഗ്യമേഖലയിലെ കൊടിയ അനാസ്ഥയുടെ ഇരയായി ഒരു ജീവൻ കൂടി. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. മകൾക്ക് കൂട്ടിരിക്കാൻ എത്തിയ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. അപകടത്തിൽ കുട്ടിയുൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. അതേസമയം പൊളിഞ്ഞുവീണ പതിനാലാം വാർഡ് കെട്ടിടം ഉപയോഗശൂന്യമെന്നും കെട്ടിടത്തിനടിയിൽ ആരും കുടുങ്ങിയിട്ടില്ലെന്നുമായിരുന്നു ആരോഗ്യമന്ത്രി വീണ ജോർജിന്റെയും മന്ത്രി വി. എൻ. വാസവന്റെയും ആദ്യ പ്രതികരണം.
അപകടത്തിൽ രണ്ട് പേർക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂ എന്നും, മറ്റാരും കെട്ടിടത്തിനടിയിലില്ലെന്നും മന്ത്രിമാരുൾപ്പെടെ ഉറപ്പിച്ചു പറഞ്ഞതിന് പിന്നാലെയാണ് യുവതിയുടെ മരണവാർത്ത പുറത്തുവരുന്നത്. മകളുടെ ചികിത്സാർഥം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബിന്ദു രാവിലെ കുളിക്കുന്നതിനായാണ് തകർന്ന് വീണ പതിനാലാം വാർഡിന്റെ മൂന്നാം നിലയിലേക്ക് എത്തിയത്. ഈ സമയത്താണ് അപകടമുണ്ടായതെന്നാണ് സൂചന.
രക്ഷാപ്രവർത്തനം ഒന്നര മണിക്കൂർ വൈകിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്ത് ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബിന്ദുവിൻ്റെ മകൾ നവമിയെ (20) ശസ്ത്രക്രിയക്കായി ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ നൽകിയശേഷം ശസ്ത്രക്രിയ നടത്തുവാനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിശ്രുതനും, ബിന്ദുവും മകൾ നവമിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ട്രോമ കെയർ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്.
മന്ത്രിമാർ സംസാരിക്കുമ്പോഴും സ്ത്രീ കെട്ടിടത്തിനടിയിൽ കുടുങ്ങി കിടക്കുകയായിരുന്നു എന്നാണ് സൂചന. ജെസിബി പോലുള്ള ഉപകരണങ്ങളുപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് സ്ത്രീയെ കണ്ടെടുത്തത്. ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ബിന്ദു മരിക്കുകയായിരുന്നു.
യുവതിയുടെ മരണത്തിന് പിന്നാലെ മെഡിക്കൽ കോളേജിൽ പ്രതിഷേധം ശക്തമാവുകയാണ്. കെട്ടിടം തകർന്നിട്ടും രക്ഷാപ്രവർത്തനം ശരിയായ രീതിയിൽ നടന്നിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു. അമ്മയെ കാണാനില്ലെന്ന് ഒരു കുട്ടി പറഞ്ഞിട്ടും പരിശോധന ശക്തമായി നടത്തിയില്ല. കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് പരിക്കേറ്റ കുട്ടി പറഞ്ഞിട്ടുണ്ടെന്നും അവശിഷ്ടത്തിനടിയിൽ ഇനിയും ആളുകളുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
സംഭവത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുകയാണ് പ്രതിപക്ഷം. സർക്കാരും ആരോഗ്യവകുപ്പും തികഞ്ഞ പരാജയമാണെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. മന്ത്രിമാരുടെ ന്യായീകരണം വിലപ്പോവില്ലെന്നും ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾക്കെതിരെ കോൺഗ്രസ് കൂടുതൽ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.
കെട്ടിടം തകർന്നിട്ടും രക്ഷാപ്രവർത്തനം ശരിയായ രീതിയിൽ നടന്നിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു. കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് പരിക്കേറ്റ കുട്ടി പറഞ്ഞിട്ടുണ്ടെന്നും അവശിഷ്ടത്തിനടിയിൽ ഇനിയും ആളുകളുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മെഡിക്കൽ കോളേജിൽ പ്രതിഷേധം ശക്തമാവുകയാണ്.
14-ാം വാർഡിൻ്റെ അടച്ചിട്ട ബാത്ത്റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിതെന്നാണ് സൂചന. ആളുകൾ എങ്ങനെയാണ് ഇവിടേക്ക് വന്നതെന്ന് അറിയില്ലെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞു. ബലക്ഷയം കണ്ടപ്പോൾ തന്നെ കെട്ടിടം അടച്ചിട്ടിരുന്നുവെന്നുമായിരുന്നു സൂപ്രണ്ടിൻ്റെ വാദം.
ആശുപത്രി കെട്ടിടം തകർന്നുവീണതിനെ നിസാരവൽക്കരിച്ചായിരുന്നു സ്ഥലത്തെത്തിയ മന്ത്രിമാരുടെയും പ്രതികരണം. ഉപേക്ഷിച്ച കെട്ടിടമാണ് തകർന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ന്യായീകരിച്ചപ്പോൾ പുതിയ കെട്ടിടം സജ്ജമാണെന്നു മന്ത്രി വിഎൻ വാസവൻ പ്രതികരിച്ചു.
വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസൻറ് (11) നാണ് പരിക്കേറ്റത്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ ബൈ സ്റ്റാൻഡറായി നിൽക്കുകയായിരുന്ന അലീന. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. രോഗികളെ ഒഴിപ്പിക്കുന്നതിനിടെ ക്വാഷ്വാലിറ്റി ജീവനക്കാരൻ അമൽ പ്രദീപിന് ട്രോളി വന്നിടിച്ച് നിസാര പരിക്കേറ്റു. 10 , 11 , 14 -വാർഡുകളിലും പരിസരങ്ങളിലുമുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഉടൻ ഒഴിപ്പിച്ചിരിക്കുകയാണ്.