സംവാദങ്ങൾ ആരോഗ്യകരമായ വേദികളാകണം; ആത്മീയ ചർച്ചകളെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ താല്‍പ്പര്യം തിരിച്ചറിയണം: കാന്തപുരം

പ്രവർത്തകർ യാതൊരുവിധ പ്രകോപനങ്ങൾക്കും വശംവദരാകാൻ പാടില്ലെന്നും കാന്തപുരം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
Published on
Updated on

സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണ കുറിപ്പുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. എന്നാല്‍, ഇത്തരം ആത്മീയ ചർച്ചകളെ ബോധപൂർവം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ നാം കൃത്യമായി തിരിച്ചറിയണം. പ്രവർത്തകർ യാതൊരുവിധ പ്രകോപനങ്ങൾക്കും വശംവദരാകാൻ പാടില്ലെന്നും കാന്തപുരം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. അതേസമയം, ഇത്തരം ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങൾ നാം കൃത്യമായി തിരിച്ചറിയുകയും വേണം. അറിവന്വേഷണങ്ങളെ അട്ടിമറിച്ച്, സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ഇത്തരം ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ വേണം നാം സമീപിക്കാൻ. പ്രവർത്തകർ യാതൊരുവിധ പ്രകോപനങ്ങൾക്കും വശംവദരാകാൻ പാടില്ല. ഇത്തരം സാഹചര്യങ്ങളിൽ ഒട്ടും വൈകാരികമായി പ്രതികരിക്കാതെ, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ നാം ഇടപെടാവൂ. നാളിതുവരെയും ഏതു തിന്മകളെയും നന്മ കൊണ്ടു മാത്രം എതിരിട്ട സംസ്കാരമാണ് പാരമ്പര്യ സുന്നി വിശ്വാസികളുടേത്. നമ്മുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ, അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടു പോകണം. അല്ലാഹു എല്ലാവർക്കും നന്മകൾക്കു തൗഫീഖ് നൽകട്ടെ.

നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദേശം എന്ന നിലയില്‍ കാന്തപുരം ഇറക്കിയ പ്രസ്താവനയാണ് വലിയ വിവാദമായത്. അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയില്‍ പറഞ്ഞത്. പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു.

News Malayalam 24x7
newsmalayalam.com