തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നിലവിൽ ലൈംഗികാരോപണങ്ങളിൽ മൊഴി നൽകാൻ തയ്യാറല്ലെന്ന് പരാതിക്കാരായ രണ്ട് യുവതികൾ. നിയമ നടപടികളുമായി മുന്നോട്ട് പോകാൻ താൽപ്പര്യം ഇല്ലെന്ന് ഇവർ അന്വേഷണ സംഘത്തെ അറിയിച്ചു. ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നെങ്കിലും നിയമ നടപടികളിലേക്ക് കടക്കാൻ ഇപ്പോൾ താൽപ്പര്യം ഇല്ലെന്നാണ് യുവതികൾ അറിയിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഭാവിയിൽ മറ്റുള്ള യുവതികൾ പരാതി നൽകാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.
ആരോപണമുയർത്തിയവർ ആരും തന്നെ പരാതി നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ കേസുകൾ ദുർബലമാണെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ വിലയിരുത്തിയിരുന്നു. കേസുമായി സഹകരിക്കില്ലെന്ന് യുവതികൾ നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഗർഭച്ഛിദ്രം നടത്തിയ യുവതിയെയാണ് പ്രധാനമായും ക്രൈം ബ്രാഞ്ച് സമീപിച്ചത്. എന്നാൽ നിയമനടപടിയുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് യുവതി അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
ഗർഭച്ഛിദ്രം നടത്തി എന്നു പറയുന്ന ബെംഗളൂരുവിലെ ആശുപത്രിയിലെത്തി ക്രൈം ബ്രാഞ്ച് സംഘം തെളിവ് ശേഖരിച്ചിരുന്നു. ഈ മാസം 15ന് ചേരുന്ന നിയമസഭാ സമ്മേളനത്തിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനായിരുന്നു ക്രൈം ബ്രാഞ്ചിൻ്റെ നീക്കം. ഒന്നാം കക്ഷികൾ മൊഴി നൽകാൻ വിസമ്മതിച്ചതോടെ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്. മൂന്നാം കക്ഷികൾ നൽകിയിരിക്കുന്ന പരാതികളിൽ കേസുമായി മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം നേരത്തെ വിലയിരുത്തിയിരുന്നു.
അതേസമയം, വ്യാജ ഐഡി കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയുടെ നാല് സുഹൃത്തുക്കളെ ക്രൈം ബ്രാഞ്ച് പ്രതി ചേർത്തിട്ടുണ്ട്. കെഎസ്‌യു പത്തനംതിട്ട ജില്ലാ നേതാവ് നുബിൻ ബിനു, അടൂർ സ്വദേശികളായ അശ്വന്ത്, ജിഷ്ണു, ചാർലി എന്നിവരെയാണ് പ്രതിചേർത്തത്. ഇവരുടെ വീടുകളിൽ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് രാഹുലിന് വീണ്ടും നോട്ടീസ് നൽകി.