

കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയ്ക്ക് സ്കൂളിൽ വിലക്കേർപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും രംഗത്തെത്തിയിരുന്നു. കേരളത്തിൻറെ ഒരു രീതിയും സംസ്കാരവും ഉണ്ട്. അത് വസ്ത്രവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നതൊന്നുമല്ലെന്ന് വ്യക്തമാക്കിയ മന്ത്രി സംഭവം വിദ്യാഭ്യാസ വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായും വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടിയതായും വ്യക്തമാക്കിയിരുന്നു.
സംഭവത്തിന് പിന്നാലെ കൊട്ടാരക്കര പൊലീസും കേസെടുത്തിരുന്നു. അധ്യാപികയെ അന്യായമായി തടഞ്ഞു വെച്ചതിന് സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെതിരെയാണ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽ അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയെന്നാണ് എഫ്ഐആറിലുള്ളത്.
കൊട്ടാരക്കര നടുവത്തുർ ഈശ്വരവിലാസം സ്കൂളിലാണ് ചുരിദാർ ധരിച്ചെത്തിയതിന് പ്രധാന അധ്യാപിക സിന്ധു എസ്. നായരെയാണ് ഗേറ്റ് കീപ്പർ തടഞ്ഞത്. സ്കൂൾ മാനേജറുടെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് ആരോപണം. പിന്നീട് പൊലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. എന്നാൽ അധ്യാപികയെ തടഞ്ഞിട്ടില്ലെന്നാണ് സ്കൂൾ മാനേജരുടെ വിശദീകരണം. എന്ത് വസ്ത്രമിട്ടും സ്കൂളില്‍ വരാമെന്നും തടയാൻ പറഞ്ഞിട്ടില്ലെന്നുമാണ് സ്കൂൾ മാനേജരുടെ വിശദീകരണം.