

എറണാകുളം: വീര്യം കുറഞ്ഞ മദ്യത്തിൻ്റെ തീരുവ കുറച്ചതിൽ സർക്കാരിനെതിരെ വനിതാ ലീഗ് നേതാവ് നൂർബിന റഷീദ്. സർക്കാർ നീക്കം ആശങ്കാജനകമാണ്. മദ്യം കൂടുതൽ സുലഭമാകുന്ന അവസ്ഥയുണ്ടാകുമെന്നും വിഷയം കുടുംബ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും നൂർബിന റഷീദ് പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിക്കും. സർക്കാർ തീരുമാനങ്ങൾ സമൂഹത്തിൻ്റെ ഭാവിയെ ബാധിക്കരുതെന്നും മഹാത്മ ഗാന്ധിയുടെ വാക്കുകൾ ഓർക്കണമെന്നും നൂർബിന റഷീദ് ഫേസ്ബുക്കിൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വീര്യം കുറഞ്ഞ മദ്യംത്തിൻ്റെ തീരുവ കുറച്ചു കൊണ്ടു മദ്യത്തെ ജനങ്ങൾക്ക് കൂടുതൽ സുലഭമാക്കാനുള്ള നീക്കം ആശങ്കാജനകമാണ്. വീര്യം കുറവാണെന്നത് മദ്യത്തിന്റെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നില്ല. മറിച്ച്, മദ്യപാനം സാധാരണവും സ്വീകാര്യവുമാണെന്ന സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. കേരളം ഇന്ന് നേരിടുന്ന നിരവധി കുടുംബപ്രശ്നങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കും റോഡപകടങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും പിന്നിൽ മദ്യത്തിന്റെ സ്വാധീനം വ്യക്തമാണ്. അത്തരം ഒരു സാഹചര്യത്തിൽ മദ്യത്തിന്റെ ലഭ്യത വർധിപ്പിക്കുന്ന നയങ്ങൾ ജനക്ഷേമത്തിന് വിരുദ്ധമാണ്. ഇത് ഒരു സാധാരണ ഭരണപരമായ തീരുമാനം മാത്രമല്ല; സമൂഹത്തിന്റെ ഭാവിയെ ബാധിക്കുന്ന നയപരമായ വിഷയമാണ്.
അതുകൊണ്ട് യു.ഡി.എഫ്. നേതൃത്വം ഇക്കാര്യത്തിൽ വ്യക്തവും യോജിച്ചതുമായ നിലപാട് സ്വീകരിക്കണം. മുന്നണിയിലെ ഘടകകക്ഷികളുമായി കൂടിയാലോചിച്ച് ജനങ്ങളുടെ വികാരങ്ങളും സാമൂഹിക പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കേണ്ടതാണ്. മഹാത്മാ ഗാന്ധിജി പറഞ്ഞത്: “എനിക്ക് ഒരു ദിവസം അധികാരം ലഭിച്ചാൽ ആദ്യം ചെയ്യുക മദ്യം നിരോധിക്കലായിരിക്കും” എന്നാണ്. രാഷ്ട്രപിതാവ് സ്വപ്നം കണ്ടത് ലഹരിമുക്ത സമൂഹമായിരുന്നു. അതിനാൽ മദ്യത്തിന്റെ ഉപയോഗം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതല്ല, മറിച്ച് അതിനെ നിയന്ത്രിക്കുകയും കുറയ്ക്കുകയും ചെയ്യുന്ന നയങ്ങളാണ് സർക്കാർ സ്വീകരിക്കേണ്ടത്. ജനങ്ങളുടെ ആരോഗ്യവും കുടുംബങ്ങളുടെ സുരക്ഷയും യുവതലമുറയുടെ ഭാവിയും മുൻനിർത്തി ഈ തീരുമാനം സർക്കാർ തിരുത്തണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.