ഇന്ന് ലോക ടൂറിസം ദിനം. 1980-ൽ യുഎൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) ഔദ്യോഗികമായി സ്ഥാപിച്ച ലോക ടൂറിസം ദിനം എല്ലാ വർഷവും സെപ്റ്റംബർ 27-നാണ് ആഘോഷിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിനുള്ളിൽ ടൂറിസത്തിൻ്റെ പങ്കിനെക്കുറിച്ച് അവബോധം വളർത്തുകയും ലോകമെമ്പാടുമുള്ള സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക മൂല്യങ്ങളെ അത് എങ്ങനെ ബാധിക്കുന്നുവെന്ന് പ്രദർശിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദിവസത്തിൻ്റെ ലക്ഷ്യം.
കേരളം ദൈവത്തിൻ്റെ സ്വന്തം നാടാണ് എന്ന വിശേഷണം എന്നേ അംഗീകരിക്കപ്പെട്ടു കഴിഞ്ഞതാണ്. അതിന്‍റെ തെളിവുപോലെ ഈ ദേശമിപ്പോൾ അതിഥികളുടെ സ്വന്തം നാടായി മാറിക്കൊണ്ടിരിക്കുകയാണ്. 44 നദികളും കോവളം മുത ബേക്കൽ വരെ 580 കിലോമീറ്റർ കടൽത്തീരവും, കിഴക്ക് പശ്ചിമഘട്ടവുമായി കേരളം വിനോദസഞ്ചാരികളെ കാത്തിരിക്കുകയാണ്.
ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്കിടയിലേക്ക് സൈലൻ്റ്‌വാലിയും, പറമ്പിക്കുളവും, വയനാടൻ കാടുകളും, തേക്കടിയും, മൂന്നാറും, എടയ്ക്കലും, അതിരപ്പള്ളിയുമൊക്കെയാവും ആദ്യം ഓടിയെത്തുന്നത്. കൂടാതെ കഥകളിയും തെയ്യവും പുലികളിയും കളരിപ്പയറ്റും. ഇവയിന്ന് ലോകം നെഞ്ചേറ്റുന്ന കലാകായിക രൂപങ്ങളാണ്. കൂടാതെ യാനം 2025ലൂടെ കേരളത്തിൻ്റെ സാഹിത്യ പാരമ്പര്യവും സംസ്കാരവും കൂടി ടൂറിസം ഭൂപടത്തിൻ്റെ ഭാഗമാമാവുകയാണ്.