സ്‌കൂള്‍ കായികമേളയിലെ പുഴു വിവാദത്തില്‍ മന്ത്രിയുടെ വാദം പൊളിയുന്നു; അധ്യാപകന്‍ പുഴുവിനെ കൊണ്ടിട്ടതിന് തെളിവില്ല

ചൂട് സാമ്പാറില്‍ ജീവനുള്ള പുഴു വന്നതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്റെ വാദം.
സ്‌കൂള്‍ കായികമേളയിലെ പുഴു വിവാദത്തില്‍ മന്ത്രിയുടെ വാദം പൊളിയുന്നു; അധ്യാപകന്‍ പുഴുവിനെ കൊണ്ടിട്ടതിന് തെളിവില്ല
Published on: 
Updated on: 

കോഴിക്കോട്: സ്‌കൂള്‍ കായികമേളയിലെ പുഴു വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ വാദം പൊളിയുന്നു. ആരോപണവിധേയനായ അധ്യാപകന്‍ ജിജോ ജെയിംസ് ഭക്ഷണത്തില്‍ പുഴുവിനെ കൊണ്ടിട്ടുവെന്നതിന് തെളിവില്ല. സിസിടിവി ദൃശ്യങ്ങള്‍ പൂര്‍ണമായും പരിശോധിച്ച ശേഷമാണ് പൊലീസിന്റെ ഈ കണ്ടെത്തല്‍. പുഴുവിന്റെ ദൃശ്യം പ്രചരിപ്പിച്ചു എന്ന വകുപ്പ് മാത്രം ഉള്‍പ്പെടുത്തിയാകും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുക.

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കിടെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന് കായികാദ്ധ്യാപകനായ ജിജോ ജെയിംസ് ദൃശ്യങ്ങള്‍ കാട്ടി സാമൂഹിക മാധ്യമത്തിലൂടെ പുറത്തറിയിച്ചതോടെ വന്‍ ബഹളവും വിവാദവുമായിരുന്നു പൊട്ടിപ്പുറപ്പെട്ടത്. ചൂട് സാമ്പാറില്‍ ജീവനുള്ള പുഴു വന്നതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്റെ വാദം. ജിജോ ജെയിംസ് പുഴുവിനെ കൊണ്ടു വരുന്നത് കണ്ടവരുണ്ട് എന്നും മന്ത്രി അന്ന് ആരോപിച്ചു.

സ്‌കൂള്‍ കായികമേളയിലെ പുഴു വിവാദത്തില്‍ മന്ത്രിയുടെ വാദം പൊളിയുന്നു; അധ്യാപകന്‍ പുഴുവിനെ കൊണ്ടിട്ടതിന് തെളിവില്ല
ഉദ്യോഗസ്ഥര്‍ മാറുന്നത് ആദ്യ സംഭവമല്ല; സീറാം സാംബശിവ റാവുവിനെ മാറ്റിയതില്‍ മന്ത്രി എം. ലിജു

മന്ത്രിയുടെ ഈ വാദം പൂര്‍ണമായും തള്ളുന്നതാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൂര്‍ണമായും പരിശോധിച്ചെങ്കിലും അധ്യാപകന്‍ പുഴുവിനെ കൊണ്ട് വന്ന് ഭക്ഷണത്തിലിടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് കണ്ടെത്താന്‍ സാധിച്ചില്ല. ഭക്ഷണം വാങ്ങുന്നത് മുതലുള്ള ദൃശ്യങ്ങള്‍ അധ്യാപകന്‍ മൊബൈലില്‍ ചിത്രീകരിക്കുന്നത് സിസിടിവിയിലുണ്ട്.

എന്നാല്‍ ബോധപൂര്‍വമായ ശ്രമം നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് വിദ്യാഭ്യാസമന്ത്രി. ജിജോ ജെയിംസ് പുഴുവിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്ന വകുപ്പ് മാത്രം ചുമത്തിയാകും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുക. പുഴു വിവാദത്തിന് പിന്നാലെ കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ജിജോ ജെയിംസിനെ കായികമേളയ്ക്കിടെ പൊലീസ് അറസ്റ്റ് ചെയ്തത്. ജിജോ ജെയിംസിന്റെ രാഷ്ട്രീയ പശ്ചാത്തലം സംബന്ധിച്ചും വലിയ വിവാദം ഉയര്‍ന്നിരുന്നു.

അധ്യാപകന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നുവെന്നും സര്‍ക്കാര്‍ വിമര്‍ശകര്‍ വാദിച്ചു. ജിജോ ജെയിംസ് നിലവില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്ന് സര്‍ക്കാര്‍ അനുകൂലികള്‍ പ്രതിവാദം ഉന്നയിച്ചു. റിമാന്‍ഡിലായിരുന്ന ജിജോ ജെയിംസ് നിലവില്‍ ജാമ്യത്തിലാണ്.