സിപിഐഎം പാർട്ടിയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച നേതാവാണ് വിഎസ് അച്യുതാനന്ദൻ എന്ന് ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിൻ. മലയാളി വിഎസിനെ എങ്ങനെയാണ് കാണുന്നത് എന്നതിന് ഉത്തമ ഉദാഹരമാണ് കഴിഞ്ഞ മണിക്കൂറുകളായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ മാറ്റത്തിൻ്റെയും, സാമൂഹിക പുരോഗതിയുടെയും ചരിത്രം അദ്ദേഹത്തിലൂടെ അടയാളപ്പെടുത്തുകയും അറിയുകയും ഓർമപ്പെടുത്തുകയും ചെയ്യുമെന്നും ബെന്യാമിൻ പറഞ്ഞു.
"നോർക്ക റൂട്ട്സിൻ്റെ പുരസ്കാരം അദ്ദേഹത്തിൻ്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങാൻ കഴിഞ്ഞത് എന്നത് വലിയ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഒരുകാലത്ത് നിരോധിക്കപ്പെട്ട പ്രസ്ഥാനത്തിൽ നിന്നുകൊണ്ട് ഒരാൾക്ക് എങ്ങനെയാണ് ജനഹൃദയങ്ങളിൽ ഇത്ര സ്ഥാനം നേടിയെടുക്കാൻ കഴിയുക. അദ്ദേഹം ജനങ്ങളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ജനങ്ങൾക്കിടയിലേക്കിറങ്ങി ചെന്നതുകൊണ്ടാണ് അത് സാധ്യമായത്. ഒരുപാർട്ടിയും ഒരു നേതാവും ജനങ്ങൾക്കിടയിൽ എങ്ങനെയാണ് ഇടപെടേണ്ടത് എന്നുള്ളതിന് വരുംകാല നേതാക്കൾക്കുള്ള വലിയൊരു മാതൃക കൂടിയാണ് വിഎസ്", ബെന്യാമിൻ.
വിഎസിന്റെ വിയോഗത്തോടെ ചരിത്രത്തിന്റെ ഒരു താൾ മറിക്കുകയാണ്. എഴുത്തുക്കാരെക്കാൾ സാധാരണക്കാരുടെ വേദന അറിയാൻ പൊതു പ്രവർത്തകന് കഴിയും. വിഎസിന് അതിന് കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ തമ്മിൽ നോക്കുമ്പോൾ മതേതരത്വ പുരോഗമന സ്വഭാവമുള്ള കേരളത്തെ രൂപീകരിക്കുന്നതിൽ വിഎസ് വഹിച്ച പങ്ക് ഓർക്കേണ്ടതുണ്ട്. ഒരു പ്രസ്ഥാനം വളർന്ന് വന്നതിന്റെ ജീവിച്ചിരുന്ന ഉദാഹരണമാണ് വിഎസ്. അദ്ദേഹത്തിന്റെ ഓർമകളെ പങ്കുവെക്കുമ്പോൾ ഈ ചരിത്രത്തെയാണ് ഓർക്കേണ്ടതെന്നും ബെന്യാമിൻ പറഞ്ഞു.