
മിഷണറി പ്രവര്‍ത്തനം സ്വന്തം ജീവിതത്തെ മാറ്റിയതെങ്ങനെയെന്ന് വിവരിച്ച് അധ്യാപകനും എഴുത്തുകാരനുമായ കെ.എസ്. രതീഷ്. ഛത്തീസ്‌ഗഡില്‍ മനുഷ്യക്കടത്ത് ചുമത്തി മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചതില്‍ ഉള്ളുനൊന്താണ് രതീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഒറ്റമുറി വാറ്റുപുരയില്‍ നിന്ന് പഠനവും എഴുത്തും കൈമുതലാക്കി, അടച്ചുറപ്പുള്ള വീട്ടിലേക്ക് വളര്‍ന്നേറിയ സാഹചര്യങ്ങളെക്കുറിച്ചാണ് രതീഷ് വിവരിക്കുന്നത്. നെയ്യാര്‍ കരകവിഞ്ഞാല്‍ തീര്‍ന്നുപോകുമായിരുന്ന ജീവിതത്തില്‍ മൂന്ന് നേരം ഭക്ഷണവും, കിടക്കാന്‍ കട്ടിലും, സൗജന്യ വിഭ്യാഭ്യാസവും നല്‍കിയത് മിഷണറിമാരാണെന്ന് രതീഷ് വിവരിക്കുന്നു. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ വിശന്ന് തലകറങ്ങി വീണപ്പോള്‍ തുണയായത് ലുഡ്‌വിനാമേരി എന്ന കന്യാസ്ത്രീയാണ്. അവരാണ് നല്ലൊരു ചെരുപ്പും ഉടുപ്പും ആദ്യമായി വാങ്ങി നല്‍കിയത്. മതവും മതഭ്രാന്തുമില്ലാത്തവനായി വളര്‍ന്നു. മതവും ജാതിയുമില്ലാത്ത രണ്ട് മക്കളുമായി. ജീവിക്കാനുള്ള വഴിയുമായി -രതീഷ് എഴുതുന്നു.
തന്നെപ്പോലെയുള്ള മനുഷ്യരെ ജീവിതത്തിലേക്ക് കടത്തിവിടാൻ പോയ കന്യാസ്ത്രീകളെ ജയിലിൽ കിടത്തിയെന്ന് കേട്ടത് മുതൽ നെഞ്ചിനുള്ളിൽ പാറക്കല്ല് ഉരുട്ടി വച്ചത് പോലെയാണ്. ഏത് കോടതി എതിര് നിന്നാലും ഞാനെങ്കിലും തടവറയിൽ കിടക്കുന്ന അമ്മമാർക്കായി ഇങ്ങനെ ഒരു സാക്ഷ്യം പറയണ്ടേ എന്നും രതീഷ് ചോദിക്കുന്നു. ഇന്ത്യയുടെ അഭിമാനമായ മദർ തെരേസ ഇന്നായിരുന്നെങ്കിൽ? എന്ന ചോദ്യത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
ആദ്യ കുറിപ്പിന്റെ പൂര്‍ണരൂപം
മിഷണറി പ്രവർത്തനം മനുഷ്യക്കടത്തെന്നാണ് എന്റെ അനുഭവം...
നെയ്യാറിന്റെ കരയിലെ പുല്ലുമേഞ്ഞ ഒറ്റമുറി വാറ്റുപുര. ഇത്തിരിക്കൂടെ വെള്ളം പൊങ്ങിയാൽ മണ്ണിട്ട് കെട്ടിയ ചുവര് ഇടിഞ്ഞ് ഒരു തള്ളയും മൂന്ന് മക്കളും ചാവും. പുറത്ത് പെരു മഴയും കാറ്റും.ആകെയുള്ള ഒരു സാരിയിൽ മൂന്നിനേയും പുതപ്പിച്ചു കിടത്തി കർത്താവിനെ വിളിച്ചു കരയുന്ന ക്രിസ്തുമത വിശ്വാസിയായ എന്റെ അമ്മ. വാറ്റും കള്ളത്തടി വെട്ടും അമ്പാസിഡർ കാറും തലയിണയിൽപ്പോലും ഒളിപ്പിച്ച പണവുമുള്ള ഹിന്ദുവായ, വേറെ പെണ്ണുംകെട്ടിയ എന്റെ അപ്പൻ..
അതിലെ നടുക്കത്തെ കരിമൻ ചെറുക്കനെ "എന്റെ ഏറ്റവും എളിയ മനുഷ്യന് ചെയ്തതെല്ലാം എനിക്ക് ചെയ്തതാകുന്നു." മത്തായി 25 ന്റെ 40 വാക്യം.അതായത് ഹിന്ദുക്കളുടെ മാനവ സേവ മാധവ സേവ ലക്ഷ്യമാക്കിയ മിഷണറിമാർ മൂന്ന് നേരം തീറ്റിയും കിടക്കാൻ ഇരുമ്പ് കട്ടിലും പഠിക്കാൻ റിങ്കിൽ റൗബെ എന്ന മിഷണറി സ്ഥാപിച്ച സ്‌കൂളിലെ സൗജന്യ വിദ്യാഭ്യാസവും കൊടുത്തു. വായിക്കാൻ ബൈബിളും.
അവൻ പ്ലസ്‌ടു പഠിക്കുമ്പോ വിശന്ന് തലകറങ്ങി വീണപ്പോ തുണയായത് ഒരു ലുഡ്‌വിനാമേരി എന്ന കന്യാസ്ത്രീയാണ്. അവരാണ് നല്ലൊരു ചെരുപ്പും ഉടുപ്പും ആദ്യമായി വാങ്ങിക്കൊടുത്തത്.
ആ കരിമനിന്ന് മതവും മതഭ്രാന്തുമില്ലാത്ത ഞാനായി. എനിക്ക് മതവും ജാതിയുമില്ലാത്ത രണ്ട് മക്കളുമായി. ജീവിക്കാനുള്ള വഴിയുമായി.
ഇതിപ്പോൾ ഇവിടെ പറയാൻ കാരണം എന്നെപ്പോലെയുള്ള മനുഷ്യരെ ജീവിതത്തിലേക്ക് കടത്തിവിടാൻ പോയ കന്യാസ്ത്രീകളെ ജയിലിൽ കിടത്തിയെന്ന് കേട്ടത് മുതൽ നെഞ്ചിനുള്ളിൽ പാറക്കല്ല് ഉരുട്ടി വച്ചത് പോലെയാണ്..
സത്യത്തിൽ മിഷണറി പ്രവർത്തനം മനുഷ്യക്കടത്ത് തന്നെയാണ്."ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും" എന്ന ക്രിസ്തു വാക്യം തിരിച്ചറിയാത്ത കാസക്കാരനും,"മാനവ സേവ മാധവ സേവ"തിരിച്ചറിയാത്ത ഹിന്ദുത്വ തീവ്രവാദികൾക്കും അതിന്റെ ഹിക്ക്മത്ത് പിടികിട്ടില്ല
അങ്ങനെ അവർ കടത്തിയ അക്കാലം ഓർക്കാൻ ബ്ളാക്ക് ആന്റ് വൈറ്റ് ചിത്രം പോലും ഇല്ലാത്ത അവർ വീട്ടിൽ പ്രൊഫഷണൽ ഫോട്ടോ ഗ്രാഫറെ വരുത്തിച്ചെടുത്ത ചിത്രമാണിത്.അടച്ചുറപ്പുള്ള വീടൊക്കെ ആയെങ്കിലും കാറ്റിലും മഴയിലും ആ അമ്മ ഇന്നും അതേ പ്രാർത്ഥനയും നിലവിളിയുമാണ്.
ഏത് കോടതി എതിര് നിന്നാലും ഞാനെങ്കിലും തടവറയിൽ കിടക്കുന്ന അമ്മമാർക്കായി ഇങ്ങനെ ഒരു സാക്ഷ്യം പറയണ്ടേ ? ഇന്ത്യയുടെ അഭിമാനമായ മദർ തെരേസ ഇന്നായിരുന്നെങ്കിൽ ?
ജീവിതാനുഭവം പങ്കുവച്ചതിനു പിന്നാലെ ഇന്‍ബോക്സിലും കമന്റിലുമായി ചോദ്യവും തെറികളും പരിഹാസവും ഉണ്ടായെന്ന് രതീഷ് അടുത്തൊരു ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്. എഴുതി വിട്ടതെല്ലാം വെറും കഥയല്ലേ? ക്രിസ്ത്യാനികളെ സുഖിപ്പിക്കാനല്ലേ? നിന്റെ പുസ്തകം വിൽക്കാനല്ലേ? പുതിയ ഫോട്ടോ ഇടാനുള്ള ആത്മരതിയല്ലേ? വയറലാവാനല്ലേ? എന്നിങ്ങനെ തെറിയിൽ പൊതിഞ്ഞ ആക്രമണങ്ങള്‍ നേരിട്ടെന്നും രതീഷ് എഴുതുന്നു. എന്റെ കണ്ണീരിനെ നിങ്ങൾ കറിയുപ്പായി കാണുന്നതിൽ എനിക്കെന്താണ് എന്ന ചോദ്യത്തോടെയാണ് രതീഷിന്റെ പുതിയ കുറിപ്പ്.
രണ്ടാമത്തെ കുറിപ്പിന്റെ പൂര്‍ണരൂപം
എന്റെ കണ്ണീരിനെ നിങ്ങൾ കറിയുപ്പായി കാണുന്നതിൽ എനിക്കെന്താണ്...?
ഇന്നലെ എനിക്കാകെ നൊന്ത ദിവസമായിരുന്നു. തടവിലാക്കപ്പെട്ട കന്യാസ്ത്രീ/ക്രിസ്ത്യൻ മിഷണറി പ്രവർത്തനങ്ങളെപ്പറ്റി ഫേസ്‌ബുക്ക് കുറിപ്പിട്ടു...
ഇതാ വരുന്നു ഇൻബോക്സ്/കമന്റ് ചോദ്യങ്ങളും തെറികളും പരിഹാസങ്ങളും.മക്കളോടും പങ്കാളിയോടും അമ്മയോടും മിണ്ടാതെ തലവേദനയുമായി ഞാൻ ഞാൻ കിടക്കയിലേക്ക് പോയി..
നീ ഈ എഴുതി വിട്ടതെല്ലാം വെറും കഥയല്ലേ ? ക്രിസ്ത്യാനികളെ സുഖിപ്പിക്കാനല്ലേ ? നിന്റെ പുസ്തകം വിൽക്കാനല്ലേ ?പുതിയ ഫോട്ടോ ഇടാനുള്ള ആത്മരതിയല്ലേ ? വയറലാവാനല്ലേ ? ഇങ്ങനെ പോകുന്നു തെറിയിൽ പൊതിഞ്ഞ ആക്രമണങ്ങൾ..
ഞാൻ കഥകൾ എഴുതുന്നുണ്ട് ഒൻപത് സമാഹാരങ്ങളും ഇറക്കിയിട്ടുണ്ട്. പത്താമത്തെ പുസ്തകം ദേ, ഉടൻ മാതൃഭൂമിയിൽ ഒരുങ്ങുന്നുമുണ്ട്.അത് വേറെ വിഷയമാണ്. നുണയും കഥയും ജീവിതവും തമ്മിൽ വലിയ ദൂരമുണ്ട് സഹോ...
പിന്നെ ഫോട്ടോ അത് സത്യാണ്.ഞാൻ നിറയെ ഫോട്ടോകൾ ഇടാറുണ്ട്,എടുക്കാറുണ്ട്.രാത്രി മുഴുവൻ ‘ഫോട്ടോ മാനിയ' യെപ്പറ്റി ചിന്തിച്ചു.കിട്ടിയ ഉത്തരമിതാണ്.
ജനനം,ബാല്യം,നൂലുകെട്ട്,ഇഴഞ്ഞത് നടന്നത്,കൗമാരം അച്ഛൻ,അമ്മ,കുടുംബം,വീട്,മുറ്റം,ഊഞ്ഞാൽ,ഉമ്മകൾ ഇതൊന്നും ഓർക്കാനോ,ആ ഓർമ്മകളെ പച്ചയായി നിർത്താനോ ചിതല് തിന്നതെങ്കിലും ഒരു ബ്ളാക്ക് ആന്റ് വൈറ്റ് ഫോട്ടോ പോലും എനിക്കും എന്റെ അമ്മയ്ക്കും സഹോദരങ്ങൾക്കുമില്ല.
ഇരുട്ടിലെ ഭൂതകാലത്തിൽ ആകെയുള്ളത് അനാഥമന്ദിരത്തിൽ നിന്നും ഫസ്റ്റ് ക്ലാസിൽ പത്താമത് ക്ലാസ് ജയിച്ചപ്പോൾ ക്രൈസ്തവ ദീപികയിൽ അച്ചടിച്ചുവന്ന ഈ ഫോട്ടോയാണ്.അതും പള്ളിയിൽ പലതവണ ചെന്ന് ഉപദേശിയോട് എന്റെ അമ്മ കാലുപിടിച്ചു ചോദിച്ചപ്പോൾ കിട്ടിയതാണ്.അവരും ഞാനും ഇത് നിധിപോലെ സൂക്ഷിക്കുന്നു..
ഇരുട്ടിലായ ആ കാലത്തിന്റെ ഓർമകളുടെ ആർത്തി ഞാനിപ്പോൾ കഴിച്ചു തീർത്തോട്ടെ.നിങ്ങളുടെ ആൽബത്തിൽ കുട്ടിക്കാലത്തെ ഇഴയുന്ന ഫോട്ടോയും, അമ്മയും അച്ഛനും വിവാഹിതരായി നിൽക്കുന്ന ഫോട്ടോയും, ഫുൾ എ പ്ലസ് വാങ്ങിയ നിന്റെ കുട്ടിയുടെ കൂറ്റൻ ഫ്‌ളെക്‌സും കാണുമ്പോൾ ഞങ്ങൾക്കുണ്ടാകുന്ന കൊതി നിങ്ങൾക്ക് ഊഹിക്കാൻ പോലും കഴിയില്ല.കാരണം നിങ്ങൾക്ക് അതിന്റെ വിശപ്പില്ല നിങ്ങൾ ഉണ്ടും കണ്ടും നിറഞ്ഞവരാണ്.
തത്കാലം ഫോട്ടോ മാനിയയും മിഷണറി സാക്ഷ്യവും നിങ്ങൾ ക്ഷമിക്കു.തർക്കത്തിന് ഞാനില്ല.പിന്നെ കഥകൾ അത് താല്പര്യമെങ്കിൽ മാത്രം വാങ്ങി വായിക്കു..
മിഷണറി സാക്ഷ്യ പോസ്റ്റിൽ നേരിട്ട സൈബർ ആക്രമണങ്ങൾക്ക് നന്ദി. അവർക്ക് വേണ്ടി ഞാൻ ഇതിലും നേരിടാൻ തയാറാണ്.അവർ തന്ന ചോറിന്റെ ഉപ്പ് എനിക്ക് അത്രയേറെ രുചിയുള്ളതാണ്...