
യെമനിൽ കൊലപാതക്കേസിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി. കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർക്ക് ഇതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചു. എന്നാൽ ഉടൻ ജയിൽ മോചിതയാകില്ല, ശിക്ഷാ ഇളവിന്റെ കാര്യത്തിൽ ചർച്ച തുടരുമെന്നാണ് ലഭ്യമാകുന്ന വിവരം. ദിയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്ന കാര്യത്തിൽ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിലും ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നു. നയതന്ത്ര ഇടപെടലുകൾ അത്രയൊന്നും സാധ്യമല്ലാത്ത ഒരു രാജ്യമാണ് യെമൻ. അവിടെ ഫലപ്രദമായി ഒരു ചർച്ച നടക്കുകയും അതിന് ഫലം കാണുകയും ചെയ്തുവെന്നകാര്യം ഏറെ ആശ്വാസകരമാണ്.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം കൈക്കൊണ്ടത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർ ചർച്ചകൾക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങൾ തീരുമാനിക്കുക.
കൊല്ലപ്പെട്ട തലാലിന്റെ നീതിക്ക് വേണ്ടിയുള്ള ആക്ഷൻ കൗൺസിലിന്റെ പ്രതിനിധിയും യമൻ ആക്ടിവിസ്റ്റും ആയ സർഹാൻ ഷംസാൻ അൽ വിസ്വാബി ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. മതപണ്ഡിതന്മാരുടെ ശക്തമായ ഇടപെടലിലൂടെ വധശിക്ഷ പൂർണമായി ഒഴിവാക്കിയിട്ടുണ്ട് എന്നും ജയിൽ മോചനമോ ജീവപര്യന്തമോ മാത്രമേ ഇനി ഉണ്ടാവുകയുള്ളൂ എന്നുമാണ് സർഹാൻ ഷംസാൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് നമിഷ പ്രിയയുടെ കേസിൽ അടിയന്തര യോഗം ചേർന്നിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ രണ്ട് ദിവസത്തിനുള്ളില്‍ നടക്കാനിരിക്കേ, യെമനിലെ പ്രധാന സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളുമായി കാന്തപുരം സംസാരിക്കുകയായിരുന്നു. പിന്നീട് വധശിക്ഷ താൽക്കാലികമായി മാറ്റിവച്ചിരുന്നു. എന്നാൽ തലാലിന്റെ കുടുംബം അതിൽ വിയോജിപ്പ് അറിയിച്ചിരുന്നു.
യമനിലെ പ്രസിദ്ധ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് മുഖാന്തിരം ആയിരുന്നു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഈ കേസിൽ നിർണായകമായ ഇടപെടലുകൾ നടത്തിയതും വധശിക്ഷ താൽക്കാലികമായി മരവിപ്പിച്ചതും.
കുഞ്ഞഹമ്മദ് കൂരാചൂണ്ട്, സജീവ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിൽ സേവ് നിമിഷ പ്രിയ ആക്ഷന്‍ കമ്മിറ്റിയും ഇതുമായി ബന്ധപ്പെട്ട് ഏറെ പരിശ്രമങ്ങൾ നടത്തിയിരുന്നു. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ കുടുംബത്തിന് ദിയാധനം എത്രയാണെങ്കിലും കൊടുക്കാന്‍ തയ്യാറാണെന്നും ആക്ഷൻ കമ്മിറ്റി നിലപാടെടുത്തിരുന്നു. വധശിക്ഷ മാറ്റിവച്ച സാഹചര്യത്തിൽ കാന്തപുരത്തിനെ കണ്ട് നന്ദി അറിയിക്കാനും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ എത്തിയിരുന്നു.
2017 ജൂലൈ 25നാണ് യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്.
തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയ തലാലിന്റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ടായിരുന്നു. എന്നാല്‍ ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു.