പത്തനംതിട്ട: ചരൽക്കുന്നിൽ സൈക്കോ ദമ്പതികളിൽ നിന്ന് നേരിട്ടത് കൊടിയ പീഡനമെന്ന് മർദനമേറ്റ യുവാവ്. ഓണത്തിന് വീട്ടിലേക്ക് പോയത് പ്രതികൾ ക്ഷണിച്ചതിനാലാണെന്ന് യുവാവ് ന്യൂസ് മലയാളത്തോട് പറഞ്ഞു. സംസാരിക്കുന്നതിനിടെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് കെട്ടിത്തൂക്കി കമ്പിവടി കൊണ്ട് തല്ലിയെന്നും യുവാവ് പറഞ്ഞു. പ്രതികളുമായി യാതൊരു ബന്ധവുമില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.
ജയേഷിൻ്റെ കൂടെ മുൻപ് ജോലി ചെയ്തിരുന്നയാളാണ് യുവാവ്. ഈ ബന്ധത്തിൻ്റെ പുറത്താണ് ദമ്പതികൾ ഓണത്തിന് ഇയാളെ വീട്ടിലേക്ക് ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച് യുവാവ് എത്തിയപ്പോൾ, വീട്ടിൽ ദമ്പതികൾ മാത്രമാണ് ഉണ്ടായിരുന്നത്. സംസാരിച്ചിരിക്കവെ പ്രതികൾ പെട്ടെന്ന് കണ്ണിലേക്ക് പെപ്പർ സ്പ്രേ അടിച്ചു. കെട്ടിത്തൂക്കി കമ്പിവടി കൊണ്ട് അടിച്ചു. തുടർന്ന് ഒരു മനുഷ്യനെ ഉപദ്രവിക്കാൻ കഴിയുന്നതിൻ്റെ പരമാവധി ഉപദ്രവിച്ചെന്നും യുവാവ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
പ്രതി രശ്മി പകർത്തിയ ദൃശ്യങ്ങൾ കണ്ടു ഞെട്ടിയിരിക്കുകയാണ് പൊലീസ്. 23 സ്റ്റാപ്ലർ പിന്നുകളാണ് റാന്നി സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയത്തിൽ പ്രതികൾ തറച്ചത്. ശേഷം കെട്ടിത്തൂക്കിയിട്ട് അതിക്രൂരമായി മർദിച്ചു. ആലപ്പുഴ സ്വദേശിയായ യുവാവിനും സമാനമായ പീഡനങ്ങൾ നേരിടേണ്ടിവന്നു. നഖത്തിനിടയിൽ മൊട്ടുസൂചി കുത്തുകയും നഖം പിഴുതെടുക്കാൻ ശ്രമിക്കുകയും ചെയ്തു. മുഖത്തും ജനനേന്ദ്രിയങ്ങളിലും പേപ്പർ സ്പ്രേ അടിച്ചത് ഉൾപ്പെടെ മനുഷ്യനോട് കാണിക്കാവുന്ന എല്ലാ ക്രൂരതകളും പ്രതികളായ ജയേഷും ഭാര്യ രശ്മിയും നടത്തി.
ക്രൂര പീഡനങ്ങൾക്കൊപ്പം ഇരകളുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും പണം അപഹരിക്കുകയും ചെയ്തു. യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിപ്പിച്ചു. കൂടുതൽ പേർ ഇരകളായിട്ടുണ്ടോ എന്ന കാര്യം പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇതിനായി കസ്റ്റഡിയിലുള്ള ജയേഷിനെയും ഭാര്യ രശ്മിയെയും വിശദമായി ചോദ്യം ചെയത് വരികയാണ്. മൊബൈൽ ഫോണുകൾ അടക്കം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാകും ഇക്കാര്യത്തിൽ ഒരു നിഗമനത്തിലെത്തുക.