തൃശൂർ: കുന്നംകുളം പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പൊലീസുകാർക്കെതിരെ 'വാണ്ടഡ്' പോസ്റ്ററുകളുമായി യൂത്ത് കോൺഗ്രസ്. മണ്ണുത്തി പൊലീസ് സ്റ്റേഷനു മുന്നിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ പോസ്റ്റർ പതിപ്പിച്ചു. കെ.വി. സുജിത്തിനെ മർദിച്ച പൊലീസുകാരുടെ ചിത്രങ്ങൾ പതിച്ച പോസ്റ്ററുമായായിരുന്നു യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം.
പൊലീസ് ഗുണ്ടായിസത്തിനെതിരെ കടുത്ത പ്രക്ഷോഭത്തിലേക്ക് കടന്നിരിക്കുകയാണ് കോൺഗ്രസ്. പൊലീസുകാരെ പുറത്താക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയിച്ചു. സുജിത്ത് നേരിട്ട ശാരീരിക - മാനസിക പീഡനങ്ങൾക്ക് ഉത്തരവാദി സർക്കാരാണെന്ന ആരോപണമാണ് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ഉയർത്തുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
അതേസമയം കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനം ശരിവെച്ചുകൊണ്ടുള്ള ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ന്യൂസ് മലയാളത്തിന് ലഭിച്ചു.പൊലീസിൻ്റെ ക്രൂരത വ്യക്തമാക്കുന്നതാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോ അസി. കമ്മീഷണർ കെ.സി. സേതുവിൻ്റെ റിപ്പോർട്ട്. ജിഡി ചാർജ് ഉണ്ടായിരുന്ന സിപിഒ ശശിധരൻ സ്റ്റേഷന് പുറത്തുനിന്ന് നടന്നുവരുന്നത് മർദനം നടന്നതായുള്ള പരാതിയെ ശരിവെക്കുന്നതായി റിപ്പോർട്ടിൽ പരാമർശമുണ്ട്.
കഴിഞ്ഞ ദിവസമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. കുന്നംകുളം സ്റ്റേഷനിൽ വെച്ച് 2023 ഏപ്രിലിലാണ് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ എസ്ഐ നുഹ്മാൻ്റെ നേതൃത്വത്തിൽ മർദിച്ചത്. സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് കാക്കി ക്രൂരതയ്ക്ക് കാരണം. രണ്ട് വർഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് പൊലീസ് ക്രൂരതയുടെ സിസിടിവികൾ പുറത്ത് എത്തിക്കാൻ സുജിത്തിന് കഴിഞ്ഞത്. പൊലീസുകാർ പലവട്ടം മുങ്ങിയിട്ടും വിവരാവകാശ കമ്മീഷൻ കർശന നിലപാട് എടുത്തതോടെയാണ് ദൃശ്യം പുറത്ത് വന്നത്.