"അഭിനയം രാഷ്ട്രീയം ആക്കുന്നവർക്ക് ഇത് പ്രശ്നമല്ല "; രമേഷ് പിഷാരടിക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി

"താങ്കൾ ഒരു സുപ്രസിദ്ധനായ താരം എന്നതിലുപരി കോൺഗ്രസുകാരനായ താരം എന്നതിൽ ഏറെ അഭിമാനിച്ചവരാണ് ഞാനടക്കമുള്ള കോൺഗ്രസുകാർ. പക്ഷേ, താങ്കളുടെ ഇന്നത്തെ പരാമർശം ഒരു കോൺഗ്രസ്‌ അനുഭാവിയുടേതല്ലാത്തതായി മാറി."
രമേശ് പിഷാരടിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് നീതു വിജയൻ
രമേശ് പിഷാരടിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് നീതു വിജയൻSource; Facebook
Published on

രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിലെ പ്രതികരണത്തിൽ നടൻ രമേഷ് പിഷാരടിക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം. അഭിനയം രാഷ്ട്രീയമാക്കുന്നവർക്ക് ഒന്നും പ്രശ്നമല്ല. രാഷ്ട്രീയം സേവനമാക്കുന്നവർക്ക് പൊതുസമൂഹത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് പോസ്റ്റിൽ പറയുന്നത്.

"താങ്കൾ ഒരു സുപ്രസിദ്ധനായ താരം എന്നതിലുപരി കോൺഗ്രസുകാരനായ താരം എന്നതിൽ ഏറെ അഭിമാനിച്ചവരാണ് ഞാനടക്കമുള്ള കോൺഗ്രസുകാർ. പക്ഷേ, താങ്കളുടെ ഇന്നത്തെ പരാമർശം ഒരു കോൺഗ്രസ്‌ അനുഭാവിയുടേതല്ലാത്തതായി മാറി."നീതു കുറിച്ചു. പാർട്ടി രാഹുലിനെതിരെ നടപടിയെടുത്തത് എഫ്ഐആറിൻ്റെയും കോടതിവിധിയുടെയും അടിസ്ഥാനത്തിൽ അല്ല നേതൃത്വത്തിന് ലഭിച്ച പരാതികളുടെ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഒരു യൂത്ത് കോൺഗ്രസ്‌ വനിത നേതാവ് എന്ന നിലയിൽ ഞങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പിഷാരടിക്ക് പറഞ്ഞാൽ മനസ്സിലാകില്ല. ഉമ തോമസിനും കെസി വേണുഗോപാലിൻ്റെ ഭാര്യക്കും തൻ്റെ സഹപ്രവർത്തക സ്നേഹക്കും നേരിടേണ്ടിവന്ന സൈബർ അറ്റാക്ക് കണ്ട് ഭയന്നാണ് വനിതകൾ മൗനം തുടർന്നത്. ഇനിയും മൗനം തുടർന്നാൽ പല കഴുകന്മാരുടെയും കണ്ണുകൾ പുതിയനിരയിലെ പെൺകൊടികൾക്ക് നേരെ തിരിയുമെന്നും നീതു വിജയൻ്റെ എഫ് ബി പോസ്റ്റില്‍ പറയുന്നു. രാഹുൽ മാങ്കൂട്ടം ഈ ആരോപണങ്ങൾ ഒന്ന് നിഷേധിച്ചിരുന്നുവെങ്കിൽ ഞങ്ങൾക്ക് തല ഉയർത്തി നടക്കാമായിരുന്നു. ഇപ്പോൾ ആത്മാഭിമാനമുള്ള ഒരു വനിതാ യൂത്ത് കോൺഗ്രസ്‌ നേതാക്കൾക്കും പൊതുസമൂഹത്തിന് മുന്നിൽ തല ഉയർത്താൻ കഴിയുന്നില്ല എന്നതാണ് അവസ്ഥയെന്നും നീതി വിജയൻ പോസ്റ്റിൽ വ്യക്തമാക്കി.

രമേശ് പിഷാരടിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് നീതു വിജയൻ
എറണാകുളത്ത് പ്രവർത്തനം നിലച്ച പാറമടയിൽ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

കുറിപ്പിന്റെ പൂർണരൂപം ;

"Mr. രമേശ് പിഷാരടി,

താങ്കൾ ഒരു സുപ്രസിദ്ധനായ താരം എന്നതിലുപരി കോൺഗ്രസുകാരനായ താരം എന്നതിൽ ഏറെ അഭിമാനിച്ചവരാണ് ഞാനടക്കമുള്ള കോൺഗ്രസുകാർ. പക്ഷേ, താങ്കളുടെ ഇന്നത്തെ പരാമർശം ഒരു കോൺഗ്രസ്‌ അനുഭാവിയുടേതല്ലാത്തതായി മാറി. പാർട്ടി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ക്കെതിരെ നടപടി എടുത്ത കാര്യങ്ങൾ എല്ലാം താങ്കൾക്കും അറിവുള്ളതാണല്ലോ?... പാർട്ടിയുടെ അച്ചടക്ക നടപടി എന്ന് പറയുന്നത് കേവലം പോലീസ് സ്റ്റേഷനിൽ വീഴുന്ന ഒരു FIR ന്റെ അടിസ്ഥാനത്തിലോ, കോടതിയിൽ ശിക്ഷിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തിലോ, മാധ്യമ വിചാരണയിലോ അല്ല. മറിച്ചു, പാർട്ടിക്ക് ലഭിക്കുന്ന പരാതികളുടെയും നേതാക്കളുടെ ബോധ്യപ്പെടലുകളുടെയും അടിസ്ഥാനത്തിൽ ആണ്. ഈ വിഷയത്തിൽ അദ്ദേഹത്തിനെതിരെ പാർട്ടിക്ക് വ്യക്തമായ ബോധ്യമുള്ളതിനാലാവണം നേതൃത്വം ഇത്തരം അച്ചടക്ക നടപടിയിലേക്ക് കടന്നത് എന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. ഒരു യൂത്ത് കോൺഗ്രസ്‌ വനിത നേതാവ് എന്ന നിലയിൽ ഞങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ താങ്കൾക്ക് പറഞ്ഞാൽ മനസ്സിലാകില്ല. പൊതുസമൂഹത്തിൽ ഏറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് ഞങ്ങൾ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. ഞങ്ങളുടെ പ്രസ്ഥാനത്തിൽ ഉള്ള ഓരോരുത്തർക്കും നേരെ ഉയരുന്ന ആരോപണങ്ങൾ ഞങ്ങളെയും ബാധിക്കുന്നതാണ് എന്ന് നിങ്ങൾ ഓർക്കണം.രാഹുൽ മാങ്കൂട്ടം ഈ ആരോപണങ്ങൾ ഒന്ന് നിഷേധിച്ചിരുന്നുവെങ്കിൽ ഞങ്ങൾക്ക് തല ഉയർത്തി നടക്കാമായിരുന്നു. ഇപ്പോൾ ആത്മാഭിമാനമുള്ള ഒരു വനിതാ യൂത്ത് കോൺഗ്രസ്‌ നേതാക്കൾക്കും പൊതുസമൂഹത്തിന് മുന്നിൽ തല ഉയർത്താൻ കഴിയുന്നില്ല എന്നതാണ് അവസ്ഥ.അഭിനയം രാഷ്ട്രീയം ആക്കുന്നവർക്ക് ഇത് പ്രശ്നമല്ല. പക്ഷെ രാഷ്ട്രീയം സാമൂഹ്യസേവനം ആക്കുന്നവർക്ക് സമൂഹത്തെ അഭിമുഖീ കരിക്കേണ്ടിവരും. സിനിമ മേഖലയിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ നിങ്ങൾ എല്ലാവരെയും ബാധിക്കുന്നത് പോലെ തന്നെയാണ് പൊതുപ്രവർത്തന രംഗത്തും.

ഈ വിഷയത്തിൽ അഭിപ്രായം പറയാൻ കാണിച്ച താല്പര്യം വർഷങ്ങൾക്ക് മുൻപ് സ്വന്തം സഹപ്രവർത്തകയായ ഒരു അതിജീവിതയുടെ പ്രമാദമായ കേസിൽ എന്തുകൊണ്ട് താങ്കൾ കാണിച്ചില്ല. താങ്കൾ അടക്കമുള്ളവർ മൗനം പാലിച്ചത് എന്തിന് വേണ്ടിയായിരുന്നു. ഇത് കോൺഗ്രസ്‌ പാർട്ടി എടുത്ത തീരുമാനമാണ്. ഈ ആരോപണങ്ങൾ തെറ്റാണെന്ന് സധൈര്യം വിളിച്ചു പറയാൻ യൂത്ത് കോൺഗ്രസ്‌ മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ക്ക് എന്തുകൊണ്ട് ഇപ്പോഴും സാധിക്കുന്നില്ല എന്ന് വളരെ ആശങ്കയോടെ നോക്കിക്കാണുന്ന ഒരു സഹപ്രവർത്തകയാണ് ഞാൻ. വ്യക്തികേന്ദ്രീകൃതമായി സംസാരിക്കാതെ പാർട്ടിയുടെ തീരുമാനങ്ങൾക്ക് വില കല്പിക്കണം. എന്തായാലും താങ്കളെ പോലുള്ളവർ കോൺഗ്രസ്‌ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണം.സഹപ്രവർത്തക സ്നേഹയ്ക്കും ഉമാ തോമസ് MLA യ്ക്കും എന്തിനേറെ പ്രിയപ്പെട്ട കോൺഗ്രസ്‌ നേതാവ് കെ സി വേണുഗോപാൽ MP യുടെ പത്നിയ്ക്ക് നേരെ പോലും ഉണ്ടായ സൈബർ അറ്റാക്കുകൾ കണ്ട് ഭയന്നു തന്നെയാണ് ഇത്രയും നാൾ വനിതകൾ മൗനിയായത്.ഇനിയും നിശബ്ദത പാലിച്ചാൽ പല കഴുകന്മാരുടെയും കണ്ണുകൾ പുതിയ നിരയിലെ പെൺകൊടികൾക്ക് നേരെ തിരിയും എന്ന ബോധ്യം കൊണ്ട് തന്നെയാണ് ഇതെഴുതുന്നത്. സ്ത്രീപക്ഷത്ത് തന്നെയാണ് എന്റെ കോൺഗ്രസ്സും നേതാക്കളും.

എന്ന്

നീതു വിജയൻ

സംസ്ഥാന ജനറൽ സെക്രട്ടറി

യൂത്ത് കോൺഗ്രസ്‌

കേരളം "

Related Stories

No stories found.
News Malayalam 24x7
newsmalayalam.com