കോട്ടയം: ലൈംഗിക വിവാദങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് അനുകൂല മൊഴി നൽകിയ ജീന സജി തോമസിന് സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് യൂത്ത് കോൺഗ്രസ്. ജീന എന്ന പേരിൽ യൂത്ത് കോൺഗ്രസിൽ അംഗത്വമുളള ആരും കോട്ടയം ജില്ലയിൽ നിന്ന് ഇല്ലെന്ന് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കറും വ്യക്തമാക്കി. കാനഡയിൽ നഴ്സായി ജോലി ചെയ്യുന്ന ജീന, നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിലും പ്രതിയാണ്.
നിലവിൽ കാനഡയിൽ നഴ്സായി ജോലി ചെയ്യുകയാണ് ജീന. ഇവർ യൂത്ത് കോൺഗ്രസ് ഭാരവാഹി അല്ലെന്ന് സംസ്ഥാന നേതൃത്വവും കോട്ടയം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കറും വ്യക്തമാക്കി. ഡിവൈഎഫ്ഐ കേന്ദ്രങ്ങളിൽ നിന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ജീനാ സജി തോമസിന്റെ പരാതി എന്നാണ് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നിലപാട്. ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗൗരീ ശങ്കർ ഡിജിപിക്ക് പരാതി നൽകി.
ഇതിനിടെയാണ് തിരുവല്ല മുത്തൂർ സ്വദേശിയായ ജീന സജി തോമസ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണെന്നുള്ള എഫ്ഐആർ പുറത്തുവരുന്നത് . കാനഡയിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശി ബിജോ ജോണിൽ നിന്നും സഹോദരിയിൽ നിന്നും 13 ലക്ഷത്തിൽ അധികം രൂപ തട്ടിച്ചെന്നാണ് കേസ്. 2021 ൽ ചിങ്ങവനം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജീന സജിയുടെ വസ്തു കണ്ടുകെട്ടി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോൾ ഉയർന്ന ലൈംഗിക പീഡന പരാതികൾ എന്നായിരുന്നു ജീന സജി തോമസ് ക്രൈം ബ്രാഞ്ചിൽ നൽകിയ പരാതി. കഴിഞ്ഞദിവസം മൊഴിയെടുക്കുന്നതിനായി ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിയ ഇവർ നിലപാട് ആവർത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജീന സജി തോമസിനെ തിരഞ്ഞ് കോൺഗ്രസ് അണികൾ രംഗത്തെത്തിയത്.
രാഹുലിനായി തട്ടിപ്പുകാരിയെ രംഗത്തിറക്കി കോൺഗ്രസ് നേതാക്കളെ തേജോവധം ചെയ്യാനാണ് ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന ആരോപണവും ശക്തമായിട്ടുണ്ട്. രാഹുൽ ചെയ്ത തെറ്റ് അണികളെ ബോധ്യപ്പെടുത്താൻ തന്നെയാണ് നേതൃത്വത്തിന്റെ തീരുമാനം. നേതൃത്വത്തിന് ലഭിച്ച പരാതികളും വിശ്വസനീയമായ മൊഴികളും ചൂണ്ടിക്കാട്ടിയാകും ഇനിയുള്ള പ്രതിരോധം. രാഹുലിനെതിരായ നടപടി കൂടിയാലോചിച്ച് എടുത്തതാണെന്നും അതിൽ മാറ്റം ഉണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവർത്തിച്ചു.
അതേസമയം യുവനടി രാഹുലിനെതിരെ മൊഴി നൽകിയതിന് പിന്നാലെ പ്രതിപക്ഷ നേതാവിനെതിരായ സൈബർ ആക്രമണം രൂക്ഷമാണ്. വി.ഡി. സതീശനെതിരെയും രമേശ് ചെന്നിത്തലക്കെതിരെയും നടക്കുന്ന സംഘടിത സൈബർ ആക്രമണങ്ങൾക്കെതിരെ ഇതിനോടകം മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തി തുടങ്ങി.
സ്വന്തം പാർട്ടിയിലെ നേതാക്കളെ ലൈംഗികാരോപണ വിധേയനു വേണ്ടി വാദിക്കാതെ കേരളത്തിലെയും കേന്ദ്രത്തിലെയും സർക്കാരുകൾക്കെതിരെ സൈബർ പോരാട്ടം നടത്താനാണ് മുതിർന്ന നേതാക്കൾ സൈബർ കൂട്ടങ്ങളോട് ഉപദേശിക്കുന്നത്. സ്വന്തം നേതാക്കളെ വിമർശിക്കാൻ കാണിക്കുന്ന ഈ ആവേശം പെയ്ഡ് പിആർ ആണെന്ന് കണ്ടാൽത്തന്നെ മനസ്സിലാകും. അതൊക്കെ നിർത്തി പാർട്ടിക്കുവേണ്ടി പണിയെടുക്കൂവെന്നും നേതാക്കൾ വക സൈബർ പോരാളികൾക്ക് ഉപദേശമുണ്ട്.