തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 17 സീറ്റുകൾ ആവശ്യപ്പെടാൻ യൂത്ത് കോൺഗ്രസ്. സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ് കൊടുങ്ങല്ലൂർ സീറ്റ് ആവശ്യപ്പെടും. സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ് കൊടുങ്ങല്ലൂർ സീറ്റ് ആവശ്യപ്പെടും. അബിൻ വർക്കി ആറന്മുളയും അരിത ബാബു കായംകുളവും ചോദിക്കും. അബ്ദുൾ റഷീദ് തളിപറമ്പും വസന്ത് സിറിയക്ക് പൂഞ്ഞാറും സോയ ജോസഫ് കുന്നംകുളം സീറ്റുകളും ആവശ്യപ്പെടും. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേർന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയിലാണ് ആവശ്യങ്ങൾ ഉന്നയിച്ചത്.
ഇത് സംബന്ധിച്ച പട്ടിക കോൺഗ്രസിന് യൂത്ത് കോൺഗ്രസ് കൈമാറും. ചെറുപ്പക്കാര്‍ക്ക് മത്സരരംഗത്ത് കൂടുതല്‍ പ്രാധിനിധ്യം നല്‍കുന്നതില്‍ സംസ്ഥാന കമ്മറ്റി പ്രമേയം പാസാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വയനാട് ബത്തേരിയില്‍ പൂര്‍ത്തിയായ ലക്ഷ്യ 2026 ക്യാമ്പിൻ്റെ തുടര്‍ പ്രവര്‍ത്തനങ്ങളും സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയാകും. എറണാകുളം ഡിസിസി ഓഫീസിലാണ് സംസ്ഥാന കമ്മിറ്റി ചേരുന്നത്.
അതേസമയം, കൊട്ടാരക്കരയിലെ സ്ഥാനാർഥി പട്ടികയിൽ ചലച്ചിത്രതാരം ഉൾപ്പെടെ മൂന്ന് പേരെ പരിഗണിക്കാനാണ് കോൺഗ്രസ് നീക്കം. നടനും സംവിധായകനും ബിഗ്ബോസ് വിജയിയുമായ അഖിൽ മാരാരുടെ പേര് പരിഗണനയിലുണ്ട്. പരിചിത മുഖം എന്നത് അഖിലിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു. കൊട്ടാരക്കരയിൽ മാരാർ മത്സരിച്ചാൽ മണ്ഡലം പിടിക്കാൻ ആകുമെന്നാണ് ഡിസിസി വിലയിരുത്തൽ.