ഒടുവില്‍ 'ശിക്ഷാപ്രവര്‍ത്തനം'; രക്ഷാപ്രവര്‍ത്തന കേസില്‍ എം.ആര്‍. അജിത് കുമാറിന് സസ്പെന്‍ഷന്‍

ഡിജിപിയുടെ റിപ്പോർട്ട് പരിഗണിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് സസ്പെൻഷൻ ശുപാർശ ചെയ്തത്
ഒടുവില്‍ 'ശിക്ഷാപ്രവര്‍ത്തനം'; രക്ഷാപ്രവര്‍ത്തന കേസില്‍ എം.ആര്‍. അജിത് കുമാറിന് സസ്പെന്‍ഷന്‍
Published on
Updated on

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിൽ എഡിജിപി അജിത് കുമാറിന് സസ്പെൻഷൻ. ഡിജിപിയുടെ റിപ്പോർട്ട് പരിഗണിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് സസ്പെൻഷൻ ശുപാർശ ചെയ്തത്. ശുപാർശ മുഖ്യമന്ത്രി വി.ഡി. സതീശനും അംഗീകരിച്ചതോടെയാണ് നടപടി. കേസില്‍ അജിത് കുമാറിനെതിരായ നടപടി വൈകുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു.

മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ നടത്തിയ കേരള രക്ഷാ മാര്‍ച്ചില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ തല്ലിച്ചതച്ച ഗണ്‍മാന്മാരെ രക്ഷിക്കാന്‍ അജിത് കുമാറിന്റെ ഓഫീസ് ഇടപെട്ടെന്ന് എസ്ഐടി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതുശരിവച്ചാണ് സര്‍ക്കാര്‍ നടപടി. ഇതിനൊപ്പം അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം തുടരും. ഉന്നത ഉദ്യോഗസ്ഥര്‍ക്കായിരിക്കും അന്വേഷണ ചുമതല. ഈ മാസം 31ന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അജിത് കുമാറിനെതിരായ നടപടി.

കൂടാതെ, കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർക്കും നടപടി ഉണ്ടാകും. മൂന്ന് ഡിവൈഎസ്‌പിമാര്‍ക്കും, രണ്ട് ഗ്രേഡ് എസ്ഐമാര്‍ക്കും എതിരെയാണ് നടപടിയുണ്ടാകുക. ഡിവൈഎസ്‌പിമാരായ തോംസണ്‍, സുനില്‍ രാജ്, അരുണ്‍ കെ.എസ്., അജിത് കുമാറിന്റെ ഓഫീസ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഗിരീഷ്, ശ്രീകാന്ത് എന്നീ ഗ്രേഡ് എസ്ഐമാർക്കും എതിരെയാണ് നടപടിയുണ്ടാവുക. സ്ഥാനക്കയറ്റം തടഞ്ഞു വെക്കൽ ഉള്‍പ്പെടെ ശിക്ഷാനടപടികളാകും ഇവര്‍ നേരിടുക.

News Malayalam 24x7
newsmalayalam.com