
സിപിഐഎമ്മിനെതിരായ കത്ത് ചോര്‍ച്ചാ വിവാദത്തില്‍ ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതിയില്‍ തന്റെ പേരുള്‍പ്പെട്ടതിനെതിരെ മുതിര്‍ന്ന സിപിഐഎം നേതാവ് ടിഎം തോമസ് ഐസക്ക് രംഗത്ത്. സിപിഐഎം നേതാക്കളായ എംബി രാജേഷ്, തോമസ് ഐസക്ക്, പി ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ ബിനാമിയാണ് താനെന്ന് ബ്രിട്ടനിലെ വ്യവസായിയായ രാജേഷ് കൃഷ്ണ അവകാശപ്പെട്ടതായായിരുന്നു ഷര്‍ഷാദിന്റെ പരാതി. എന്നാല്‍ ഇത് തള്ളി തോമസ് ഐസക്ക് രംഗത്തെത്തി.
രാജേഷ് കൃഷ്ണ ബിനാമിയെന്ന ആരോപണം അസംബന്ധമാണെന്നും പിന്‍വലിച്ചു മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ബാങ്ക് വായ്പ മുടങ്ങിയ ഘട്ടത്തില്‍ വിളിച്ചിട്ടുണ്ട്. ഷര്‍ഷാദിന്റേത് മാത്രമല്ല പലരുടെ വായ്പമുടങ്ങിയ ഘട്ടത്തിലും വിളിച്ചിട്ടുണ്ട്. ആരോപണമുന്നയിച്ച ഷര്‍ഷാദ് ആരെന്ന് അന്വേഷിക്കണമെന്നും തോമസ് ഐസക്ക് പറഞ്ഞു.
'ഞാനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്നിരിക്കുന്ന ആക്ഷേപം അസംബന്ധമെന്ന് ടി.എം. തോമസ് ഐസക്. ആരോപണം പിന്‍വലിച്ചു മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കും. വിവാദമായ കത്ത് ചോര്‍ന്നു കിട്ടിയത് എന്ന് പറഞ്ഞ് നടക്കുന്നു, എന്നാല്‍ ആരോപണമുന്നയിച്ചയാള്‍ ഫേസ്ബുക്കില്‍ ഇട്ട കത്താണിത്. മാസങ്ങള്‍ കഴിഞ്ഞ് വിവാദമാക്കിയതിന്റെ പിന്നില്‍ വലിയ ചിന്ത ഉണ്ട്. തികച്ചും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പറയുന്നത്, പിന്‍വലിച്ചു മാപ്പ് പറഞ്ഞില്ലെങ്കില്‍ കര്‍ശനമായ മറുപടി സ്വീകരിക്കും,'തോമസ് ഐസക് പറഞ്ഞു.
രാജേഷ് കൃഷ്ണയെ അറിയാം എന്നാല്‍ രാജേഷ് കൃഷ്ണ ബിനാമിയെന്ന ആരോപണം അസംബന്ധമാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
2023ല്‍ ഷര്‍ഷാദ് പൊലീസിന് നല്‍കിയ പരാതിയിലാണ് മന്ത്രിമാരുടെ ഉള്‍പ്പെടെ പേരുള്ളത്. രാജേഷ് കൃഷ്ണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകന് ബന്ധമുണ്ടെന്നും മകന് വേണ്ടി എം വി ഗോവിന്ദന്റെ വിഷയത്തില്‍ കണ്ണടച്ചെന്നും ഷര്‍ഷാദ് ആരോപിച്ചിരുന്നു.